Saturday, July 11, 2009

പാർട്ടിപിന്തുണയും ജനപിന്തുണയും

ജനത്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയുന്ന പാർട്ടിയുടെ ഒരു നേതാവിനു പാർട്ടിയിൽ വലിയ എതിർപ്പും ജനങ്ങൾക്കിടയിൽ വലിയ മതിപ്പും ഉണ്ടാകുന്നു.എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്നത്‌ വളരെ വിചിത്രം തന്നെ.ഒരു നേതാവിനു ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാകുന്നു എങ്കിൽ തീർച്ചയായും അയാൾ ജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്നതല്ലെ? ജനകീയപാർട്ടിയാണെകിൽ സ്വാഭാവികമായും ഇത്തരം ഒരു നേതാവിനു പാർട്ടിക്കുള്ളിലും നല്ല മതിപ്പല്ലേ ഉണ്ടാകേണ്ടത്‌. എന്നാൽ വി.എസ്‌ അച്യുതാനന്ദൻ എന്ന നേതാവിന്റെ കാര്യം നേരെ മറിച്ചാണ്‌. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതുകൊണ്ട്‌ അങ്ങേരെ സ്വന്തം പാർട്ടിക്കാർക്ക്‌ കണ്ടുകൂടാത്രേ!!

പലതവണ വാണിങ്ങ്‌ ഒക്കെ കൊടുത്തു.എന്തുകാര്യം അങ്ങേരു വീണ്ടും അഴിമതിക്കെതിരായി നിലപാടും പ്രസ്ഥാവനയും ആയി മുന്നോട്ട്‌.പാർട്ടിക്ക്‌ സഹിക്കോ.പിബിയിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുവാൻ സംസ്ഥാന കമ്മറ്റിക്കാർക്ക്‌ വലിയ താൽപര്യമാണത്രെ.പാർട്ടിക്ക്‌ പണ്ടേ ഇങ്ങേരെ മൽസരിപ്പിക്കുവാനും മുഖ്യമന്ത്രിയാക്കുവാനും താൽപര്യം ഉണ്ടായിരുന്നില്ല എന്നാണ്‌ പണ്ടെ പറഞ്ഞുകേൾക്കുന്നത്‌. ജനം തങ്ങൾക്ക്‌ ഭരിക്കുവാൻ ഇദ്ദേഹത്തെ മതി എന്ന് പറഞ്ഞു, വലിയ ഭൂരിപക്ഷം കൊടുത്ത്‌ അധികാരത്തിൽ കയറ്റി.എന്നാൽ ജനതാൽപര്യം നോക്കിയാൽ പാർട്ടിക്ക്‌ മുന്നോട്ടുപോകാൻ ഒക്കുമോ? പാർട്ടിക്ക്‌ പല താലപര്യവും ഉണ്ടാകില്ല. അതു തിരിച്ചറിയാതെ ഒരാളെ എങ്ങിനെ വച്ചുപൊറുപ്പിക്കും.

ലാവ്‌ലിൻ കേസ്‌ ചെറിയ പുലിവാലൊന്നും അല്ല. ഒഴിവാക്കുവാൻ പല വഴിയും നോക്കി. വലിയ വക്കീലന്മാരെ കൊണ്ടുവന്നു കോടതിയിൽ വാദിച്ചുനോക്കി.നടന്നില്ല.അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു കുറ്റപത്രം സമർപ്പിച്ചു.മുൻ മന്ത്രിയായ പാർട്ടിനേതാവിനെ വിചാരണ ചെയ്യുവാൻ സി.ബി.ഐ അനുമതിതേടിയപ്പോൾ മന്ത്രിസഭ അനുമതി നൽകിയില്ല്. അവർ നൽകിയില്ലെങ്കിലും ഗവർണ്ണറുടെ അനുമതി കിട്ടി.അനുമതി നൽകിയതിൽ പ്രതിഷേധിച്ച്‌ ഗവർണ്ണറുടെ കോലം കത്തിച്ചു.ഒരു കാര്യവും ഇല്ല.നിയമം അതിന്റെ വഴിക്കു മുന്നോട്ട്‌.

പാർട്ടി എന്തുകാര്യവും കൂടിയാലോചിച്ചേ ചെയ്യൂ എന്നാണ്‌ നേതാക്കന്മാർ പറയുന്നത്‌ അപ്പോൾ ലാവ്‌ലിനും ചർച്ച ചെയ്തുകാണും.ചർച്ച ചെയ്തു അനുമതി നൽകിയതിന്റെ ഗുണം ആരെങ്കിലും ഒക്കെ പറ്റിയും കണും.ആ പറ്റിയവർ പാർട്ടിക്ക്‌ വേണ്ടപ്പെട്ടവർ ആണെങ്കിൽ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും പാർട്ടിക്കുള്ളതല്ലേ?

പാർട്ടിപിന്തുണയും ജനപിന്തുണയും മാറ്റുരച്ചാൽ വിജയിക്കുക പാർട്ടി പിന്തുണ തന്നെ ആയിരിക്കും.കീഴ്ഘടകം മുതൽ സംസ്ഥന ഘടകം വരെ പിണറായിക്കൊപ്പം നിൽക്കുമ്പോൾ വി.എസ്സിന്റെ ജനപിന്തുണ എത്രതന്നെ ആയാലും അതു കേന്ദ്രനെതൃത്വത്തിൽ വിലപ്പോയെന്ന് വരില്ല.വി.എസ്സ്‌ അചുതാനന്ദന്റേയും,പിണറായി വിജയന്റേയും കാര്യത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം എന്തുനിലപാടെടുക്കും എന്നതിൽ വലിയ തർക്കത്തിന്റേയും ഊഹത്തിന്റേയും ഒന്നും ആവശ്യം ഇല്ല.ഇന്നത്തെ നിലക്ക്‌ പിണറായിയേക്കാൾ മികച്ച ഒരു നേതാവിനെ അവർക്ക്‌ കിട്ടാനില്ല. ആനടപ്പും സംസാരവും പ്രവർത്തിയും. കാലഘട്ടത്തിനനുസരിച്ച്‌ തികഞ്ഞ ഒരു ഇസ്റ്റ്‌തന്നെ. പത്രക്കാരോടൊക്കെ എന്ത്‌ മാന്യ്മായിട്ടാണ്‌ സംസാരിക്കുന്നത്‌.

വല്യ വല്യ മുതലാളിമാർ,ലാവ്‌ലിൻ പോലുള്ള കമ്പനികൾ ഇതൊക്കെ എന്താണെന്ന് വല്ല പിടിയും ഉണ്ടോ വി.എസ്സിനു.പഴയ സഖാക്കൾ ബീഡിതെരുത്തും,ചകിരിതല്ലിയും ഉണ്ടാക്കുന്നതിൽ നിന്നും മിച്ചം പിടിച്ച്‌ പാർട്ടി വളർത്തി.എന്നാൽ ഇന്ന് അതാണോ കാലം.അന്നത്തെ അവസ്ഥയാണോ ഇന്ന്.ഇന്റർന്നെറ്റും മൊബലിൽ ഫോണും ഒക്കെ ആയില്ലേ? വി.എസ്സ്‌ ഇപ്പോഴും പഴയ വരട്ട്‌ കമ്യൂണിസവും പറഞ്ഞ്‌ അഴിമതിയ്ക്കെതിരെ കേസും കൂട്ടവുമായി നടക്കുന്നു. പോരാത്തതിനു മദനിയെപ്പോലുള്ള മഹാന്മാരുമായി കൂട്ടുചെരുന്നതിനെ എതിർക്കുന്നു.

കാലത്തിനൊത്ത്‌ കോലം കെട്ടുവാൻ അറിയാത്ത വി.എസ്സ്‌ അച്യുതാനന്തനെ പാർട്ടിക്കാർ നിർദ്ദാക്ഷിണ്യം ഒഴിവാക്കുന്ന കാഴ്ച നമുക്ക്‌ കാണുവാൻ കഴിഞ്ഞേക്കാം.പുറത്താക്കിയാലോ അങ്ങെരുടെ കുറ്റങ്ങളും കുറവുകളും ഒക്കെ പത്രത്തിലും ചാനലിലും നിറക്കും.പൊട്ടന്മാർ അത്‌ ഏറ്റുപാടും.പോസ്റ്ററൊട്ടിക്കും നോട്ടീസടിക്കും കുറേ കഴുതകൾ ഇതിന്റെ പേരിൽ തലതല്ലിപ്പൊളിക്കും.എന്തായാലും ഒന്നുറപ്പിച്ചുപറയാം.വി.എസ്സിനെപ്പോലെ മേലാൽ ഒരാളും പാർട്ടിഭരിക്കുമ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കുകയില്ല.ഇങ്ങേർക്കെതിരെ ഉള്ള നടപടി ഇനിയുള്ളവർക്ക്‌ ഒരു പാഠം ആയിരിക്കും. അചുതാനന്ദനെ പുറത്താക്കൂ അഴിമതിയെ രക്ഷിക്കൂ എന്ന് ചിന്തിക്കുന്നവർക്ക്‌ ഭൂരിപക്ഷം ഉണ്ടായാൽ ജനം അതും സഹിക്കുകതന്നെ.

Saturday, May 16, 2009

കടുത്തപരാജയവുമായി പിണറായിയും കൂട്ടരും.

ജനം വോട്ടുചെയ്യാതിരുന്നതുകൊണ്ടു തോറ്റു എന്ന് പറയുന്നതിനേക്കാൾ പിണറായിയെയും പി.ഡി.പിയേയും ജനം തിരിച്ചറിഞ്ഞതുകൊണ്ടുതോറ്റു എന്നുപറയുന്നതല്ലെകൂടുതൽ ഭംഗി? തിരഞ്ഞെടുപ്പുകാലത്ത്‌ കൊട്ടിഘോഷിക്കപ്പെട്ടപിണറായി-പി.ഡി.പി സഖ്യത്തെ ജനം പാടെ തൂത്തെറിഞ്ഞിരിക്കുന്നു.പൊന്നാനിയിലെ തോൽവി അവിടെ മാത്രം ഒതുങ്ങുന്നില്ല അതൊരു തരംഗമായി കേരളക്കരയിൽ ആകെ അലയടിച്ചു.


പാർട്ടിക്കകത്ത്‌ താൻപ്രമാണിത്വം കാണിക്കുവാൻ ശ്രമിച്ചവർക്ക്‌ ശക്തമായ തിരിചടി ജനം നൽകിയിരിക്കുന്നു.അതോടൊപ്പം അചുതാനന്ദന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് കണ്ട്‌ ജനം അങ്ങേർക്കും കൊടുത്തു പ്രഹരം എന്നതും വ്യക്തമാണ്‌.അഴിമതിക്കെതിരെ പടനയിക്കുവാൻ പുറപ്പെട്ടിട്ട്‌ ലാവ്ലിൻ അഴിമതികണ്ട്‌ മിണ്ടാതെ മടങ്ങിപ്പോന്നു.മിണ്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സ്വാഹ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ ജയിച്ചത്‌ 1 സീറ്റിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചത്‌ 4 സീറ്റിൽ അപ്പോൾ ഞങ്ങൾക്ക്‌ 3 സീറ്റിന്റെ ഭൂരിപക്ഷം എന്ന് അണികളെക്കൊണ്ട്‌ പറയിപ്പിക്കുവാൻ ഇപ്പോഴും കഴിഞ്ഞേക്കാം.എങ്കിലും കണ്ണൂരിലെ ഫലം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌ അണികൾ പരസ്യമായി അനുസരിക്കുകയും രഹസ്യമായി പണികൊടുക്കുകയും ചെയ്യുന്നവരാണെന്ന കാര്യം.അല്ലെങ്കിൽ പിന്നെ പാർട്ടിഗ്രാമങ്ങൾ എന്നുവിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്രക്ക്‌ വലിയ പരാജയം ഉണ്ടാകുമായിരുന്നോ?

വടകരയിൽ ജനതാദൾ ഓഫീസുകൾ തകർത്തതുകോണ്ടോ, കണ്ണൂരിൽ സുധാകരനെ പല്ലിളിച്ചുകാട്ടിയും കണ്ടവന്റെ വീടുതല്ലിപ്പൊളിച്ചും പ്രകടനത്തിനു നേരെ ബാംബെറിഞ്ഞും കൈത്തരിപ്പും കെലിപ്പും തീർക്കാമെങ്കിലും സത്യം സത്യമാകാതിരിക്കുന്നില്ല.

പതിവു പല്ലവിയുണ്ടല്ലോ ബി.ജെ.പി വോട്ടുമറിച്ചു.എൻ.ഡി.എഫ്‌ വോട്ടു ചെയ്തു എന്നൊക്കെ.ഒന്നും രണ്ടും വോട്ടല്ല അമ്പതിനായിരത്തിനു മേളിൽ ആണ്‌ പലർക്കും ഭൂരിപക്ഷം. എൻ.ഡി.എഫുകാർക്കെവിടുന്നാ ഇത്രക്ക്‌ വോട്ടു സാറന്മാരേ? മാത്രമല്ല ഇത്തവണ ബി.ജെ.പി സ്ഥാനാഥികൾ സംസ്ഥാനത്ത്‌ വോട്ടുകൾ നിലനിർത്തുകയോ നില മെച്ചപ്പെടുത്തുകയോചെയ്തിട്ടുണ്ട്‌.അതുകൊണ്ടുതന്നെ അവർ വോട്ടുമറിച്ചുനൽകി എന്ന് പറയുന്നതിൽ കാര്യമില്ല.തിരുവനന്ദപുരത്ത്‌ രാജഗോപാൽജി മൽസരിച്ച അത്രക്ക്‌ വോട്ടുകിട്ടിയില്ല എന്ന് പറയുന്ന കഴുതകൾ ഉണ്ടായിരിക്കാം അങ്ങിനെ ആണെങ്കിൽ എന്തേ സതീദേവിക്കും പി.കരുണാകരനും വോട്ടുകുറഞ്ഞത്‌ അവർ വോട്ടുമറിച്ചുനൽകിയോ?

ഒരുപക്ഷെ ഇടതുപക്ഷം ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരം ഒരു പരാജയം നേരിടുന്നത്‌.പാർട്ടിമിഷ്യനറിയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും, ഇന്റർ നെറ്റ്‌,എസ്‌.എം.എസ്‌ തുടങ്ങി എല്ലാവിധ ആധുനീക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടും വലിയ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ്‌ ക്യാമ്പെയിൽ ആണ്‌ നടത്തിയത്‌.പാർട്ടിനയങ്ങളിൽ നിന്നുംബഹുദൂരം വ്യതിചലിച്ചുകൊണ്ട്‌ പി.ഡി.പി പോലുള്ള കക്ഷികളുമായി കൂട്ടുകൂടി എന്നിട്ടും കനത്ത തോൽവി നേരിടേണ്ടി വന്നിരിക്കുന്നു. സി.പി.ഐക്ക്‌ ഒരിടത്തുപോലും വിജയം കൈവരിക്കുവാൻ കഴിഞ്ഞില്ല. വിജയിച്ചതിൽ തന്നെ കാസർഗോഡും ആലത്തൂരും മാത്രമാണ്‌ അൽപം ആശ്വാസം.പാലക്കാട്ടേത്‌ കഷ്ടിച്ചുള്ള വിജയം.

എന്തായാലും ഒരു കാര്യം വ്യക്തമകുന്നുണ്ട്‌ പ്രീണനത്തിലൂടെ പാർളമെന്റിലേക്ക്‌ എന്ന നയം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നത്‌.

തരൂരും ഷാനവാസും ആണ്‌ താരങ്ങൾ

തിരുവനന്തപുരത്തുകാരൊക്കെ ഇപ്പോൾ സയണിസ്റ്റുകളും സാമ്രാജ്യത്വാനുകൂലികളും ആയോ? അല്ല വിപ്ലവകേസരികൾ മുതൽ ബുദ്ധിജീവികൾ വരെയുള്ളവർ എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു ശ്രീമാൻ തരൂരിനെതിരെ ഉയർത്തിയിരുന്നത്‌.എന്നിട്ടിപ്പോൾ ദാണ്ടെ റിസൽറ്റുവന്നപ്പോൾ തരൂർ ഒരുലക്ഷത്തിനുമേളിൽ വോട്ടിനുജയിച്ചിരിക്കുന്നു. തിരുവനന്ദപുരത്തുപോയിട്ടു കോവളം കടപ്പുറത്തുവച്ചുവരെ കണ്ടിട്ടില്ലാത്ത കക്ഷിയെ, ഇന്നേവരെ ഒരു പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും നിന്നിട്ടില്ലാത്ത ആൾ.ശരിക്കുപറഞ്ഞാൽ ഹൈക്കമാന്റ്‌ കെ.പി.സി.സിയുടെ തലക്കുമേളിലൂടേ ഇറക്കിയ സ്ഥാനാർത്ഥി. എന്നിട്ടും തരൂർ ജയിച്ചു.


തരൂരിനെ തടയുവാൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ അതൊക്കെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം അതിജീവിച്ചു.സഭയും പട്ടക്കാരും,മഹല്ലുകാരും ഒക്കെ സ്ഥാനർത്ഥികൾക്കായി ശുപാർശ്ശചെയ്യുന്ന കാലത്ത്‌ ഇതുപോലെ ഒരു കൂട്ടരുടേയും പിന്തുണയില്ലാതെ തന്നെ തരൂരിനു മുന്നേറാൻ കഴിഞ്ഞു.

ചാനലുകളായ ചാനലുകളിലൂടെ ഇസ്രായേലി ചാരൻ,സാമ്രാജ്യത്വത്തിന്റെ സീമന്തപുത്രൻ എന്നൊക്കെ ഉറക്കെ വിളിച്ചുകൂവിയിട്ടും ഒരു വിഭാഗക്കാർ പത്രത്തിലും മറ്റും ദിവസേന അച്ചുനിരത്തിയിട്ടും ഒക്കെ ഒടുവിൽ ഫലം വന്നപ്പോൾ അക്കൂട്ടരുടെ കൂടെ വോട്ടും വാങ്ങി നല്ല ഉഗ്രൻ വിജയം കാഴ്ചവച്ച അപ്പോൾ തരൂരല്ലേ താരം?

ഓരോരുത്തർ കേന്ദ്രത്തിൽ മന്ത്രിസ്ഥാനം കരസ്ഥമാക്കുവാൻ അണിയറയിൽ അരമനക്കാരുടെ പിന്തുണയോടെ ചരടുവലിക്കുമ്പോൾ അതൊന്നും ഇല്ലാതെ എന്തിനു കേരളത്തിലെ കോൺഗ്രസ്സുകാരുടെ പിന്തുണപോലും ഇല്ലാതെ തന്നെ വിജയിക്കാമെങ്കിൽ തരൂർ ഒരു മന്ത്രിസ്ഥാനവും ഒപ്പിച്ചെടുക്കും എന്നതിൽ സംശയം വേണ്ട.കെ.വി തോമാസും മാണിയും ഒക്കെ അൽപം ഉഷ്ണിക്കേണ്ടിവരും.


ചരിത്രം കുറിച്ചുകൊണ്ട്‌ ഷാനവാസ്‌


മൽസരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇതുവരെ പരാജയപ്പെട്ട ഇമേജ്‌.മറ്റൊരു ജില്ലക്കാരൻ പൊതുവെ കോൺഗ്രസ്സുകാർക്കിടയിൽ വലിയ സ്വാധീനമോ ഗ്രൂപ്പുകളിയിൽ മികവോ ഇല്ലാത്തവൻ എന്നിങ്ങനെ ഒരുപാട്‌ പോരായ്മകളോടെ മൽസര രംഗത്തെക്ക്‌ ഇറങ്ങിയ ഒരു സ്ഥാനാർത്ഥിയാണ്‌ ശ്രീമാൻ ഷാനവാസ്‌.എന്നാൽ ഫലം വന്നപ്പോൾ എന്തായി കേരള സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അദ്ദേഹം വിജയിച്ചിരിക്കുന്നു.

പാർട്ടിപത്രം ഷാനവാസിനെ പരമാവധി ഇകഴ്ത്തിയായിരുന്നു വാർത്തകൾ നൽകിയിരുന്നത്‌.ജില്ലാ നേതൃത്വം തണുപ്പൻ മട്ടിലാണ്‌ അദ്ദേഹത്തെ വരവേറ്റത്‌,മണ്ടലത്തിൽ വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ ആളുകൾ സഹകരിക്കുന്നില്ല.എന്തൊക്കെ ആയിരുന്നു അദ്ദേഹത്തിനെതിരെ വാർത്തകൾ എന്നിട്ട്‌ എന്തായി? അതോടൊപ്പം മുരളീധരൻ പിടിക്കുന്ന കോൺഗ്രസ്സ്‌ വോട്ടുകൾ തങ്ങളുടേ വിജയത്തിനു സാധ്യത കൂട്ടുന്നു എന്നെല്ലാമുള്ള ദിവാസ്വപനങ്ങൾ വേറേ.

ആക്രാന്തം മൂത്ത്‌ ഉള്ള പദവിയും പത്രാസും കളഞ്ഞ്‌ ഡി.ഐ.സിയായും, എൻ.സിപിയായും ഒക്കെ അലയുന്ന കെ.മുരളീധരൻ വിജയിക്കും എന്നുവരെ പ്രവചനം നടന്ന മണ്ടലത്തിലാണീ ചരിത്ര വിജയം.സി.പി.എം സി.പി.ഐ പാരവെപ്പാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചാലും ഇത്രക്ക്‌ ഒരു ഭൂരിപക്ഷം എങ്ങിനെ ഉണ്ടായി എന്നത്‌ ഒരു ചോദ്യമായി അവശേഷിക്കുന്നു.

ഇതാണ്‌ പറയുന്നത്‌ മണ്ണും ചാരി നിന്നവൻ സീറ്റും കൊണ്ടുപോയീന്ന്..ശശിതരൂരും ഷാനവാസും തന്നെ താരങ്ങൾ.

Wednesday, May 13, 2009

ബി.ജെ.പിക്ക്‌ സാധ്യത തെളിയുന്നു.

മഴക്കാലത്തെ കൂൺ പോലെ ആണ്‌ തിരഞ്ഞെടുപ്പുകാലത്തെ മൂന്നാം മുന്നണിയും.തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും,ഇടതുമതേതര സഖ്യം വികസിക്കും,വർഗ്ഗീയതയ്ക്കെതിരെ നിലകൊള്ളും അങ്ങിനെ പലതും അവർ പറയും.പക്ഷെ കൂണിന്റെ കഥപറഞ്ഞപോലെ അത്‌ തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതോടെ തീരുകയും ചെയ്യും.കേരളത്തിലും ബംഗാളിലും ആയിരുന്നു സി.പി.എം അടക്കം ഉള്ള ഇടതുപക്ഷക്കാരുടെ പ്രതീക്ഷ.എന്നാൽ ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്ന ലക്ഷണമാണ്‌.ബംഗാളിൽ സിങ്കൂർ നന്ദിഗ്രാം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയമാണെങ്കിൽ കേരളത്തിൽ ലാവ്‌ലിൻ അഴിമതി, പി.ഡി.പി ബന്ധം,മോശം ഭരണം കൂടാതെ ഗ്രൂപ്പ്‌ വഴക്കുകൾ തുടങ്ങി നിരവധി വിഷയങ്ങൾ. അച്യുതാനന്തന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് ലാവ്‌ലിൻ വിഷയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.


തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവും പൂർത്തിയാകുന്നതോടെ വ്യക്തമാകുന്നത്‌ കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ മങ്ങിയതോടൊപ്പം ബിജെപിയുടെ തിളക്കം വർദ്ധിക്കുന്നതുമാണ്‌. മൂന്നാം മുന്നണിയെന്ന സങ്കൽപ്പം സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടതിന്റെ കൂടെയുള്ളവരിൽ പലരും ബി.ജെ.പിയുമായോ കോൺഗ്രസ്സുമായോ സഖ്യം ചേർന്ന് ഭരണത്തിൽ പങ്കാളികളാകുവാൻ ഉള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.എന്നാൽ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ്സിനേക്കാൾ ബി.ജെ.പിക്കായിരിക്കും ഇത്തവണ സാധ്യത.അതോടെ ഇടതിന്റെ കൂടെയുള്ളവർ എന്ന് പറയുന്ന പലരും ബി.ജെ.പിയിലേക്ക്‌ ചേക്കേറുവാൻ ഒരുങ്ങുന്ന കാഴ്ചയാണിപ്പോൾ നമുക്ക്‌ മുമ്പിൽ ഉള്ളത്‌.


മായാവതിയും ജയലളിതയും മമതയും എല്ലാം തിരഞ്ഞെടുപ്പിന്റെ ഫലപ്യഖ്യാപനശേഷം ഭരണം ആർക്കെന്ന് വ്യക്തമായതിനു ശേഷം അതിനനുസരിച്ച്‌ തീരുമാനം എടുക്കുവാനാണ്‌ സാധ്യത. ഏകദേശം 200 സീറ്റുകളുമായി ബി.ജെ.പി ജയിച്ചുകയറിയാൽ പിന്നെ അവർ കോൺഗ്രസ്സിന്റെ ഒപ്പം കൂടാൻ ഒരു വഴിയും ഇല്ല.ഇടതിനു നിലവിൽ ഉള്ള സീറ്റുകൾ പോലും നിലനിർത്തുവാൻ കഴിയാത്ത അവസ്ഥയിൽ തീർച്ചയായും കോൺഗ്രസ്സിതര ഗവണ്മെന്റിനു സാധ്യതയില്ല.ഇടതുപക്ഷത്തിനു ഇന്ത്യഭരിക്കുവാൻ കഴിയും എന്ന് തോന്നുന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപനം മാത്രമാണ്‌.

എക്സ്റ്റിറ്റ്‌ പോളുകാർ പല നമ്പറും പറയും എന്നാൽ അതൊക്കെ കൃത്യമാകണം എന്നില്ല എന്നത്‌ പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസ്സ്‌ അൽപം മുൻതൂക്കം പ്രകടിപ്പിച്ചിരുന്നു.അതിന്റെ കൂടെ മാധ്യമങ്ങളുടെ വ്യക്തമായ സപ്പോർട്ടും കൂടെ ആയപ്പോൾ അവർക്ക്‌ വിജയസാധ്യതയുണ്ടെന്ന് പരക്കെ ഒരു പ്രതീതി പരന്നു.എന്നാൽ അവസാനഘട്ടത്തോടടുത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു എന്നതാണ്‌ സത്യം. വോട്ടെടുപ്പ്‌ ഫലങ്ങൾ വരുമ്പോൾ അതു സത്യമാണെന്ന് തെളിയുകയും ചെയ്യും.

Wednesday, May 6, 2009

അനുമതിനിഷേധത്തിൽ എന്തോന്ന് ഇത്ര അൽഭുതപ്പെടാൻ ഹേ

ലാവ്ലിൻ അഴിമതികേസിൽ പിണറായിവിജയനെ പ്രോസിക്യൂട്ടുചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്‌ ഏജിയുടെ അഭിപ്രായം ആരാഞ്ഞതിലും അതിന്റെ മറുപടിയായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിലും എന്തോ ആകാശം ഇടിഞ്ഞുവീണപോലെയാണ്‌ മാധ്യമങ്ങളും പ്രതിപക്ഷവും മറ്റുചിലരും പ്രതികരിച്ചിരിക്കുന്നത്‌.ഇതിൽ എന്തോന്ന് ഇത്രക്ക്‌ അൽഭുതപ്പെടാൻ?

ആരാണ്‌ ഭരിക്കുന്നത്‌?
ഭരിക്കുന്ന പ്രധാന പാർട്ടിയുടെ ആരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യുവാൻ അനുമതി ആവശ്യപ്പെടുന്നത്‌?
ഇതൊന്നും ആലോചിക്കുവാനുള്ള വിവരം ഇല്ലേ ഇതുങ്ങൾക്കൊന്നും ഹേ.

ഇനി ചർച്ചക്ക്‌ വന്നാൽ എന്തുസംഭവിക്കും? ഇതൊക്കെ ഇത്രക്ക്‌ വല്യ ചിന്തിക്കുവാനുള്ള വിഷയം ആണോ?ഇതിനു പാഴൂർപ്പടിപ്പുരവരെ പോകേണ്ടകാര്യം ഉണ്ടോ?കൂടിവന്നാൽ ബഹു:അച്യുതാനന്ദൻ ഒരു അഭിപ്രയവ്യത്യാസം പ്രകടിപ്പിക്കും. അതുകേട്ട്‌ ആരാധകർ ആവേശം കൊള്ളും അല്ലാ പിന്നെ.

ലാവ്ലിൻ വിഷയം തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ജനത്തിനു മുമ്പിൽ അവരിപ്പിക്കുവാൻ കഴിയാത്തവർ ഇപ്പോൾ ഉണ്ട്‌ പൊക്കിപ്പിടിച്ചോണ്ട്‌ നാടൊട്ടുക്ക്‌ നടക്കുന്നു...നാണം ഇല്ലേ എവന്മാർക്ക്‌?

ജനമെത്ര അഴിമതി വാർത്തകൾ കേട്ടിരിക്കുന്നു.അതങ്ങനെ ഒരു ചെവിയിലൂടെ വന്ന് മറ്റേ ചെവിയിലൂടെ പോകും.അല്ലാതെ അതും ചിന്തിച്ചോണ്ടിരുന്നൽ ഒരന്തോ കുന്തോം കിട്ടില്ല. കാരണം അഴിമതിക്കേസിൽ മുന്നേ നടന്നുപോയ മഹന്മാരായ എത്രപേരെ നാം കണ്ടിരിക്കുന്നു.പാമോയിലും,ഇടമലയറും എല്ലാം. അക്കൂട്ടത്തിലേക്ക്‌ ഒരു ലാവ്ലിനും അത്രതന്നെ!

Wednesday, April 15, 2009

അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു.

ഗുജറാത്ത്‌ വംശഹത്യ:ടീസ്റ്റക്കെതിരെ റിപ്പോർട്ട്‌ എന്ന വാർത്ത മാധ്യമത്തിൽ.


അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു. അപ്പോഴും ഒരു സംശയം ഭാക്കിനിൽക്കുന്നു.ടീസ്റ്റയുടെ റിപ്പോർട്ടും പ്രസംഗങ്ങളും ഉദ്ധരിച്ച്‌ ഇന്നാട്ടിൽ സെക്യുലർ മുഖമ്മൂടിക്കാരും ചില പത്രങ്ങളും പ്രചരിപ്പിച്ച വിഷയങ്ങൾ മൂലം ഉണ്ടായ തെറ്റിദ്ധാരണകൾ ആരു നീക്കും? ഈ പത്രവാർത്തശരിയാണെകിൽ ഇവർ ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുവാൻ വേണ്ടിയല്ലേ ഇത്തരം നുണക്കഥകൾ പടച്ചുവിട്ടത്‌? ഇത്‌ ആ സ്ത്രീയുടെ മാത്രം പ്രവർത്തിയോ അതോ ഇനി ഇത്തരം വാർത്തകൾ അവർ മറ്റാർക്കെങ്കിലും വേണ്ടി ഉണ്ടാക്കിയെടുത്തതാണോ? എന്തായാലും സംഘപരിവാർ ആവാൻ തരമില്ല പിന്നെ ഇത്തരം വാർത്തകൾ കൊണ്ട്‌ ആർക്കാണ്‌ നേട്ടം എന്ന് പറയേണ്ടതില്ലല്ലോ?

ഇന്ത്യയിൽ മനുഷ്യാവകാശപ്രവർത്തകരിൽ ഇത്തരം ചിലർ ഉണ്ടെന്നുകൂടെ മനസ്സിലാക്കുവാൻ ഏതായാലും ഈ റിപ്പോർട്ട്‌ ഉപകരിക്കും. ഇത്തരക്കാർ വിളിച്ചുകൂവുന്നതൊക്കെ അതേപടിയോ അല്ലെങ്കിൽ ഒരു പടി കൂടുതലായോ ഏറ്റുപാടുവാൻ കേരളത്തിൽ ചിലർ വലിയ ഉത്സാഹം കാണിക്കാറുണ്ട്‌. ഇങ്ങനെ ഒരു റിപ്പോർട്ട്‌ വന്നസ്ഥിതിക്ക്‌ അവരോട്‌ തിരിച്ചു ചോദിക്കുവാൻ പക്ഷെ അധികമാരും മുന്നോട്ടുവരാത്തത്‌ കഷ്ടം തന്നെ.

എന്തായാലും ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല.

Monday, April 13, 2009

ബി.ജെ.പിക്കും അവസരം നൽകുക.

പിണറായി-പി.ഡി.പി കൂട്ടുകെട്ടിനെ വാനോളം പുകഴ്ത്തുന്ന കേരളത്തിൽ അഖിലേന്ത്യാ പ്രസ്ഥാനമായ ബി.ജെ.പിക്ക്‌ മാത്രം അസ്പ്രശ്യത കൽപ്പിക്കേണ്ടതില്ല. കേരളത്തിൽ ബി.ജെ.പിക്കെതിരെ എന്നും ദുരാരോപണങ്ങൾ ആണ്‌ ഉള്ളത്‌.ഉടമ്പടിരഹിതമായി ഭൂരിപക്ഷ സമുദായം നിർലോഭം പിൻതുണനൽകുന്ന സി.പി.എമ്മിന്റെ കരുത്തിൽ തകർച്ചയുണ്ടാകും എന്നത്‌ തന്നെ ആണ്‌ ഇതിനു പിന്നിൽ എന്നത്‌ നിസ്സംശയം പറയാം. അടൽജിയുടെ നേതൃത്വത്തിൽ മികച്ച ഭരണം കാശ്ചവെച്ച്‌ ബി.ജെ.പി തങ്ങളുടെ മികവ്‌ തെളിയിച്ചിട്ടുള്ളതാണ്‌.യദാർത്ഥത്തിൽ കോൺഗ്രസ്സും,സി.പി.എമ്മും മലയാളിയെ വഞ്ചിക്കുകയാണ്‌.ഇരുകൂട്ടരും കേരളത്തിൽ നിന്നും പരസ്പരം പോരടിച്ച്‌ കേന്രത്തിൽ എത്തുകയും അവിടെ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന കാഴ്ച മലയാളി കഴിഞ്ഞ അഞ്ചുവർഷമായി കാണുന്നുണ്ട്‌.ഇതൊരു പാഠമായി ഉൾക്കൊണ്ടുകൊണ്ട്‌ ഇത്തവണ മറ്റൊരു സ്ഥാനാർത്ഥിക്ക്‌ അവസരം നൽകുവാൻ തയ്യാറാവുക.

കേന്ദ്രത്തിൽ ഇത്തവണ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ നമുക്കുവേണ്ടി സംസാരിക്കുവാൻ ഒന്നു രണ്ടു എം.പിമാർ അത്യാവശ്യമാണ്‌.കേരളത്തിൽ എല്ലാ മണ്ടലങ്ങളിലും ബി.ജെ.പിക്ക്‌ വിജയ സാധ്യതയുണ്ടെന്ന് പറയുവാൻ കഴിയില്ല.എന്നാൽ പാലക്കാടും കാസർഗോഡും നിർണ്ണായക സ്വാധീനമാണുള്ളത്‌.അതിനാൽ പാലക്കാട്ട്‌ നിന്നും മൽസരിക്കുന്ന ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർത്ഥി സി.കെ പത്മനാഭനെയും കാസർഗോഡുനിന്നും മൽസരിക്കുന്ന കെ.സുരേന്ദ്രനേയും വിജയിപ്പിക്കുക.

തരൂരിനെ വിജയിപ്പിക്കുക

രാജഗോപാൽജിയെ തോൽപിച്ച്‌ ചരിത്രപരമായ മണ്ടത്തരം കാട്ടിയവരാണ്‌ മലയാളികൾ. ഇവിടെ നിന്നും ജയിച്ചില്ലെങ്കിലും അദ്ദേഹം മറ്റൊരു നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിനായി നിർണ്ണായകമായ പലതും ചെയ്യുകയും ചെയ്തു. ഇന്നിതാ മറ്റൊരു പ്രഗൽഭനായ വ്യക്തി തിരുവനന്തപുരത്തുനിന്നും മൽസരിക്കുന്നു. ശ്രീ ശശിതരൂർ.മലയാളികൾക്കും പ്രത്യേകിച്ച്‌ തിരുവന്തപുരത്തുകാർക്കും തീർച്ചയായും ഇതൊരു അസുലഭ അവസരമാണ്‌.വീണ്ടും ചരിത്രപരമായ മണ്ടത്തരം കാണിക്കാതിരിക്കുക.

ലോകത്തെ പ്രമുഖസംഘടനയിലെ ഉദ്യോഗസ്ഥൻ എന്നനിലയിൽ അദ്ദേഹം ആർജ്ജിച്ച അറിവും പരിചയവും നമുക്ക്‌ ഒരു മുതൽക്കൂട്ടുതന്നെയാണ്‌.മാത്രമല്ല വ്യക്തിപരമായി അദ്ദേഹത്തിനുള്ള കഴിവുകൾ ഇന്ന് തിരുവനന്തപുരത്ത്‌ മൽസരിക്കുന്ന മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ അധികം മുന്നിലാണ്‌. തറരാഷ്ടീയക്കാരന്റെ വാക്ചാതുര്യമല്ല മറിച്ച്‌ വ്യക്തമായ കാശ്ചപ്പാടും ദീർഘവീക്ഷണവും ആണ്‌ ശ്രീ ശശിതരൂരിനെ ശ്രദ്ദേയനാക്കുന്നത്‌.

സങ്കുചിതമായ വീക്ഷണത്തോടെ നടത്തുന്ന രാഷ്ടീയക്കാരുടെ ആരോപണങ്ങൾ പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്‌.ഇത്തരക്കാരുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം അമേരിക്കയുടേയോ ഇസ്രായേലിന്റേയോ അടുപ്പക്കാരനായിരുന്നെങ്കിൽ യു.എൻ സെക്രട്ടറിജനറൽ ആകുമായിരുന്നില്ലേ? ഇവിടെ പ്രശ്നം അതല്ല മറിച്ച്‌ കഴിവും ആർജ്ജവവും ഉള്ള ഒരാൾ മുന്നോട്ടുവന്നാൽ പലർക്കും അത്‌ ബുദ്ധിമുട്ടാകും.പ്രത്യേകിച്ച്‌ അന്താരാഷ്ട നിലവാരം ഉള്ള ഒരു വ്യക്തിത്വം വിജയിച്ചാൽ ചപ്പടാച്ചി രാഷ്ടീയക്കാരന്റെ കവലപ്രസംഗങ്ങളെ വസ്തുതകളും രേഖകളും വച്ച്‌ ഘണ്ടിക്കപ്പെടും.ഇത്‌ ഇഷ്ടപ്പെടാത്തവരും രാജ്യസുരക്ഷക്കായി സൈന്യത്തെ സുസ്സജ്ജമാക്കുന്നതിൽ ആവലാതിപ്പെടുന്നവരും ആണെന്ന് തോന്നുന്നു തരൂരിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവരുന്നത്‌.

സങ്കുചിതമായ മതചിന്തയുള്ളവരും രാഷ്ടീയക്കാരും നടത്തുന്ന നുണപ്രചരണങ്ങളെ തള്ളിക്കൊണ്ട്‌ സത്യാവസ്ഥ മനസ്സിലാക്കി ശശിതരൂരിനെ വിജയിപ്പിച്ചാൽ അത്‌ കേരളത്തിനും ഇന്ത്യക്കും ഒരു മുതൽക്കൂട്ടുതന്നെ ആയിരിക്കും.

Saturday, March 21, 2009

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ ..

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ പലർക്കും അൽഭിതമുണ്ടെങ്കിലും മറുപക്ഷത്തിനു ഇതിൽ യാതൊരു അൽഭുതവും ഇല്ല.തീർചയായും ചേരേണ്ടത്‌ ചേരുക തന്നെ ചെയ്യും. ആദ്യം പൊതു സ്വതന്ത്രൻ പിന്നെ നിയമസഭയിലും മറ്റും ചില സ്വതന്ത്രന്മാർ അല്ലെങ്കിൽ ഒരു സഖ്യം.കാര്യങ്ങൾ ഇങ്ങനെയാണേൽ ഇതിനൊന്നും വല്യ ബുദ്ധിമുട്ടുണ്ടാവില്ല എന്നുവേണം ഊഹിക്കുവാൻ.
അപ്പോളും വെള്ളാപ്പിളിയും,പണിക്കരേട്ടനും കാലാവസ്ഥക്കനുസരിച്ച്‌ കുടനീർത്തിയും പുറത്തിറങ്ങാതെയും ജീവിക്കും എന്ന് പറഞ്ഞമാതിരി സമദൂരവും,സ്വ്താനാർത്ഥിയുടെ വ്യക്തിപ്രഭാവവും പറഞ്ഞ്‌ ഇരിക്കും.

പത്തുവോട്ടിനും പ്രത്യയശാസ്ത്രത്തെയും പാർട്ടിനിലപാടിനേയും പരണത്തുവെക്കും എന്ന് ഒരിക്കൽകൂടെ വ്യക്തമാക്കിക്കൊണ്ട്‌ പി.ഡി.പിയുമായി വേദിപങ്കിടുവാൻ സി.പി.എം തയ്യാറായിരിക്കുന്നു. പി.ഡി.പിയുടെ പ്രസിദ്ധമായ "മതേതര" നിലപാടിനു സർട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു.സഖ്യകക്ഷികളേക്കാൾ വലുതു പി.ഡി.പിയായിരിക്കുന്നു. ഭേഷ്‌!

എന്നാൽ സി.പി.ഐ സഖാക്കൾക്കും ആർ.എസ്‌.പിക്കാർക്കും ഇതങ്ങ്ട്‌ ബോധിച്ചിട്ടില്ല.അവർ ഇതിൽ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.കാരണം എണ്ണത്തിൽ കുറവാണേലും അവർക്ക്‌ സാമാന്യബുദ്ധിയും ബോധവും ഉണ്ട്‌.താൽക്കാലിക ലാഭത്തിനു വേണ്ടി സി.പി.എം നടത്തുന്ന ഈ കളി പിന്നീട്‌ തിരിച്ചടിയാകും എന്ന് അവർക്ക്‌ അറിയാം.എന്നാൽ വല്യേട്ടന്റെ മുമ്പിൽ വല്ലാതെ വല്യവർത്തമാനം പറയുവാനും പേടിയുണ്ട്‌.പിടിച്ച്‌ പുറത്താക്കിയാലോ? പുറത്തായാൽ പിന്നെ ഒരുപക്ഷെ അവിടെ പി.ഡിപി കയറിയിരിക്കും.

കാശ്മീരിൽ ഇന്ത്യക്കെതിരെ പൊരുതുവാൻ കേരളത്തിൽ നിന്നുപോലും തീവ്രവാദികൾ റിക്രൂട്‌ ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ കേരളത്തിൽ പ്രത്യേകിച്ചു കണ്ണൂരിലും ആന്റി ടെററിസ്റ്റ്‌ വിഭാഗം ശക്തിപ്പെടുത്തേണ്ട സമയം ആണിത്‌.എന്നാൽ അവിടെ എന്തു സംഭവിച്ചു? ഇതിനിടയിൽ ആണ്‌ മാധ്യമങ്ങളിൽ ഗൗരവം ഉള്ള ചില വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്‌.പുത്തൻ "മതേതരക്കാരെ" പറ്റിയാണത്‌.

അധികാരത്തിന്റെ മത്ത്‌ തലക്കുപിടിച്ച്‌ നടക്കുന്നവർ താൽക്കാലിക ലാഭത്തിനു വേണ്ടി നടത്തുന്ന ഈ വൃത്തികെട്ട നീക്കുപോക്കുകൾ നമ്മുടെ നാടിനു ആപത്താണ്‌. രാമൻ പിള്ളയുടേ പാർട്ടിയും സഖ്യകക്ഷിയാകുവാനോ സഹയാത്രികരാകാനോ ശ്രമിക്കുന്നു എന്ന വാർത്തയും കണ്ടു.അതും നല്ലത്‌.അവരും മതേതരം.അനോണിയായായും അറിവുതേടിയായും വന്ന് എന്റെ ബ്ലോഗ്ഗിൽ കമന്റിട്ടതോണ്ടായില്ല.കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കാൻ പറ്റണം.

Sunday, March 15, 2009

പാക്കിസ്ഥാൻ തകരുമ്പോൾ.

ഇന്ത്യക്ക്‌ ലോകത്തിനു മുമ്പിൽ വെക്കുവാൻ ഉള്ളത്‌ ജനാധിപത്യം എന്ന മഹത്തായ വ്യവസ്ഥിതിയാണ്‌.അതു തികച്ചും ന്യായവും യുക്തിസഹവുമായ ഒരു പ്രകൃയയാണ്‌.എന്നാൽ ഇന്ത്യയിൽ നിന്നും വേർപ്പെട്ടുപോകുകയും നിരന്തരം കലാപങ്ങളും,രാഷ്ടേ‍ീയ സംഘർഷങ്ങളും നിലനിൽക്കുന്നതുമായ പാക്കിസ്ഥാന്റെ അവസ്ഥ മറിച്ചാണ്‌.ഒരു ഇടവേളക്ക്‌ ശേഷം ഇന്ന്പാക്കിസ്ഥാനിൽ രഷ്ടീയ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യം വഴിമാറി ഇന്നിപ്പോൾ ഭീകരാധിപത്യം എന്ന പുത്തൻ സംരംഭം അഫ്ഗാനിൽ നിന്നും ആരംഭിച്ച്‌ പാക്കിസ്ഥാനെയും വിഴുങ്ങു‍ാൻ വാപൊളിച്ചുനിൽക്കുന്നു.അവിടെ തീവ്രവാദികൾ വർദ്ധിച്ചാൽ അതിന്റെ ഭീഷണി ഇന്ത്യക്ക്‌ ആണ്‌.ഇന്ത്യക്കുനേരെ ഇവർ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടും.പ്രത്യേകിച്ച്‌ ആണവായുധം കൈവശമുള്ള ഒരു രാജ്യം ഭീകരന്മാരുടേ കൈവശം ചെന്നുചേർന്നാൽ ഉണ്ടാകുന്ന അവസ്ഥ പറയുവാനും ഇല്ല.ഇക്കാര്യത്തിൽ ആഗോളസമൂഹം കൂടുതൽനടപടിക്ക്‌ തയ്യാറായേ പറ്റൂ.

അപരിഷ്കൃതമായ പല നിയമങ്ങളും നടപ്പാക്കുന്ന ഭരണകൂടം അഫ്ഗാനിസ്ഥാനെ കുട്ടിച്ചോറാക്കിയിരിക്കുന്നു.ജനങ്ങൾക്ക്‌ സ്വസ്ഥതയും സമാധാനവും പ്രധാനം ചെയ്യുവാൻ കഴിയാത്ത പിൻതിരിപ്പൻ ആശയങ്ങൾ ആണവരെ നയിക്കുന്നത്‌. സമാധാനം എന്ന വാക്ക്‌ നിഖണ്ടുവിൽ ഇല്ലാത്ത ഇത്തരം ആളുകൾ പാക്കിസ്ഥാനെയും ഭരിക്കുവാൻ ഇടവന്നാൽ അത്‌ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.മനുഷ്യത്വം,ദയ തുടങ്ങിയവയെ കുറിച്ച്‌ മനസ്സിലാക്കാത്തവർ എന്തു ഭീകര കൃത്യത്തിനും മുതിർന്നേക്കാം.തികച്ചും ജനാധിപത്യവിരുദ്ധവും സംസ്കാരശ്യൂന്യവുമായ ഒരു ഭരണം പാക്കിസ്ഥാനിൽ വന്നാൽ ആ രാജ്യം തകർന്നാൽ,നമുക്കെതിരെ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടുന്ന ശത്രുരാജ്യം നാശിച്ചു എന്ന നിലയിൽ നാം ഒരു വേള സന്തോഷിച്ചേക്കാം. എന്നാൽ ഈ തീവ്രവാദിക്കൂട്ടം നമ്മളെ ആക്രമിക്കാൻ മുതിർന്നേക്കാം. അതിനാൽ ശത്രുരജയത്തിന്റേ നാശത്തിൽ അധികം സന്തോഷിക്കാതെ നമ്മുടെ സുരക്ഷയെ കുറിച്ച്‌ കൂടുതൽ ജാകരൂകരാകുകയാണ്‌ ഈ വേളയിൽ നമുക്ക്‌ അഭികാമ്യം.

ഭീകരാക്രമണങ്ങളുടേയും അതിർത്തിയിൽ നിന്നുള്ള ഭീഷണികളുടേയും പശ്ചാത്തലത്തിൽ അടുത്ത കാലത്തായി നമ്മുടെ രാജ്യം വൻ തുകയാണ്‌ രാജ്യരക്ഷക്കായി നീക്കിവെക്കുന്നത്‌. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനു ചിലവിടേണ്ട തുകയാണിതെന്ന് ഓരോ ഇന്ത്യക്കാരനും ഓർക്കേണ്ടതുണ്ട്‌. സൈന്യവും,ഇന്റലിജെൻസും എല്ലാം എത്രമേൽ ജാഗ്രത പുലർത്തിയാലും പിൻന്തിരിപ്പന്മാരും രാജ്യദ്രോഹികളുമായ ആരെങ്കിലും ഉണ്ടായാൽ മതി സ്ഥിതിഗതികൾ തകിടം മറിയുവാൻ.ജനാധിപത്യപ്രക്രിയയിൽ നുഴഞ്ഞുകയറി അതിനെ ശിഥിലീകരിക്കുവാൻ, സ്വതന്ത്രന്മാരുടേയും മറ്റും മുഖം മൂടിയണിഞ്ഞു തിരഞ്ഞെടുപ്പിൽ മൽസരിക്കുവാൻ ശ്രമിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ശ്രമിച്ചേക്കാം. ഇക്കൂട്ടാരെ തിരിച്ചറിഞ്ഞ്‌ അവരെ ഒഴിവാക്കുവാൻ ഉള്ള ആർജ്ജവം ഇന്ത്യൻ ജനത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യം ശക്തിപ്പെടുത്തുവാൻ ദേശീയതാൽപര്യം സംരക്ഷിക്കുന്ന്വർക്കും തീവ്രവാദത്തെ ചെറുക്കുന്നവർക്കും വോട്ടുചെയ്തു തങ്ങളുടെ രാജ്യസുരക്ഷ ഉറപ്പുവരുത്തുക എന്നത്‌ ഓരോ പൗരന്റേയും ചുമതലയാണ്‌.എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും നമ്മെ സംബന്ധിച്ച്‌ ജനാധിപത്യത്തിനു പകരം വെക്കുവാൻ മറ്റൊന്നും ഇല്ലെന്ന് തിരിച്ചറിയുക.

Thursday, March 12, 2009

മതേതര ഇടത്‌ മൂന്നാം മുന്നണിയുടെ പ്രസക്തിയെന്ത്‌?

പ്രകാശ്‌ കാരാട്ട്‌ വിശാല ഇടത്‌ മതേതര സഖ്യത്തിനു ബാംഗ്ലൂരിൽ രൂപം നൽകുമ്പോൾ ഇവിടെ സി.പി.എം ഘടകകഷികളെ ഒതുക്കിയും പുകച്ചുപുറത്തുചാടിച്ചും തിരഞ്ഞെടുപ്പിനു ഇടതുപക്ഷത്തെ തയ്യാറാക്കുന്ന വിരോധാഭാസം ആണ്‌ കാണുന്നത്‌.ഒരു പക്ഷെ ഇടതുപക്ഷത്തിന്റെ പിളർപ്പിലേക്കുതന്നെ നയിച്ചേക്കാവുന്ന സംഭവങ്ങളാണ്‌ കേരളത്തിൽ സി.പി.എം നടത്തുന്ന വെട്ടിനിരത്തലും പിടിച്ചടക്കലും കൊണ്ട്‌ ഉണ്ടാകാൻ പോകുന്നത്‌.

ഇന്ത്യയെ ഭരിക്കുന്നതിനു സി.പി.എം.മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ്‌ തട്ടിക്കൂട്ട്‌ സംഘത്തിനു കഴിയും എന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്‌.ഭരിക്കണമെങ്കിൽ ഒന്നുകിൽ കോൺഗ്രസ്സോ അല്ലെങ്കിൽ ബി.ജെ.പിയോ ആയി ഇവർക്ക്‌ സഖ്യം ഉണ്ടാക്കേണ്ടി വരും,അല്ലെങ്കിൽ ഇവരിൽ ഒരു കൂട്ടർക്ക്‌ പിൻന്തുണ നൽകേണ്ടിവരും.രണ്ടായാലും ഇവരെ തിരഞ്ഞെടുക്കുന്ന ജനം വിഡ്ഡികളാക്കപ്പെടുന്നതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഉണ്ടാകുക എന്ന് മുങ്കാല അനുഭവം സാക്ഷ്യമാകുന്നു.

സുശക്തമായ ഒരു ഭരണം ഇന്ത്യക്ക്‌ ലഭിക്കണമെങ്കിൽ ചെറുകക്ഷികളുടെ ധാരാളിത്വം ഒരിക്കലും അനുയോജ്യമല്ല. മാത്രമല്ല കേരളത്തിലും മറ്റും തിരഞ്ഞെടുപ്പിൽ പരപ്സരം പോരടിക്കുന്നവർ കേന്ദ്രത്തിൽ ഒന്നിച്ചുഭരിക്കുകയോ പിൻതുണക്കുകയോ ചെയ്യുന്നത്‌ ജനങ്ങളെ വിഡ്ഡികളാക്കുന്ന കാശ്ചയാണ്‌. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണിവർ പറയുന്ന വലിയ വർത്തമാനം.എന്നിട്ട്‌ കൂട്ടുചേരുന്നത്‌ മായാവതിയും,മുലായവും,ജയലളിതയുമൊക്കെയായിട്ടും ഒക്കെ ആയേക്കാം..ബി.ജെ.പി ഇന്ത്യ ഭരിച്ചിട്ട്‌ എന്തുകുഴപ്പം ഉണ്ടായി? കോൺഗ്രസ്സ്‌ ഭരണകാലത്ത്‌ ഇന്ത്യയിൽ തീവ്രവാദിപ്രവർത്തനങ്ങൾ വർദ്ധിക്കുകയല്ലേ ഉണ്ടായത്‌? തീവ്രവാദത്തെ ശക്തമായി നേറിടുക തന്നെ വേണം. ഇതിനു പക്ഷെ ആർജ്ജവം ഉള്ള ഒരു ഭരണനേതൃത്വം ആണ്‌ ഇന്ത്യക്ക്‌ വേണ്ടത്‌.

അഴിമതിയെ കുറിച്ച്‌ സംസാരിക്കുന്നവർ ലാവ്‌ലിൻ അഴിമതിക്കേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന പാർട്ടിസെക്രട്ടറിയുടെ നേത്വത്വത്തിൽ ആണ്‌ മുന്നോട്ടുപോകുനത്തെന്നതും,മന്ത്രിപുതന്മാരുടെ പേരുകൾ ടോട്ടൽ തട്ടിപ്പുമുതൽ പല കേസുകളിലും ഉയർന്നുവരുന്നു എന്നതും ചേർത്തു വായിക്കേണ്ടതുണ്ട്‌. അഴിമതിക്കെതിരായി സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വായമൂടിക്കെട്ടിയാണ്‌ ലാവ്‌ലിനെ പാർട്ടി നേരിട്ടത്‌.അപ്പോൾ അഴിമതി വർത്തമാനത്തിൽ കഴമ്പില്ല എന്ന് ചുരുക്കം. ബി.ജെ.പിയെ മോശമായി ചിത്രീകരിക്കുകയും വർഗ്ഗീയപ്രസ്ഥാനമായി സദാ വിശേഷിപ്പിക്കുകയും ചെയ്യുന്നവർക്ക്‌ പക്ഷെ ന്യൂനപക്ഷക്കാര്യം വരുമ്പോൾ മുട്ടുവിറക്കും.തീവ്രവാദപ്രവർത്തനകേസുകളിൽ കേരളത്തിൽ നിന്നും പലരും അറസ്റ്റുചെയ്യപ്പെടുന്നു.ഇതേ കുറിച്ച്‌ പക്ഷെ വർഗ്ഗീയ്‌വിരുദ്ധ പ്രസംഗം നടത്തുന്നവർ മിണ്ടുന്നില്ല.

മലപ്പുറത്തും എറണാംകുളത്തും മറ്റും എത്തുമ്പോൾ സി.പി.എം ന്റെയും ഇടതുപ്ക്ഷത്തിന്റേയും മതേതരത്വത്തിൽ വെള്ളം ചേരുന്നു എന്നതല്ലേ സത്യം? പി.ഡിപിക്കാരുടെ താൽപര്യത്തിനനുസരിച്ചു വല്യേട്ടൻ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ.കുഞ്ഞേട്ടൻ ഒരു പടികൂടെ കടന്ന് പോപ്പുലർ ഫ്രണ്ടിന്റെ ചടങ്ങിൽ കയറിക്കൂടിയ ആളെ തന്നെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നു. ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങളുമായി ആലോചിച്ച്‌ അവരുടെ താൽപര്യം കണക്കിലെടുത്ത്‌ സ്ഥാനാർത്ഥികളെ നിശ്ചയിച്ച്‌ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർക്ക്‌ എങ്ങിനെ "മതെതരനിലപാട്‌" മുന്നോട്ടുവെക്കുവാൻ കഴിയും? ഇതു തന്നെ കാപട്യമാണ്‌.എറണാംകുളത്ത്‌ ലത്തീൻ കത്തോലിക്കണേ തിരയുന്ന "മതേതരക്കാരൻ" പക്ഷെ പാലക്കാടടക്കം കേരളത്തിൽ ഒരിടത്തും നമ്പൂതിരിസ്ഥാനാർത്ഥിയേയോ,വാര്യർ,മാരാർ തുടങ്ങിയ വിഭാഗത്തിൽ നിന്നും ഉള്ളവരേയോ നിർദ്ദേശിച്ചിട്ടില്ല!!

ന്യൂനപക്ഷ നേതാക്കന്മാരുടെ മുമ്പിൽ മുട്ടുകാലിൽ നിന്നുകൊണ്ടും ശയനപ്രദക്ഷിണം നടത്തിക്കൊണ്ടും വോട്ടുറപ്പാക്കുവാൻ ശ്രമിക്കുന്നവർ പക്ഷെ ഹിന്ദുസംഘടനകളെ അംഗീകരിക്കുവാനോ മറ്റോ തയ്യാറാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്‌. എൻ.എസ്‌.എസ്‌,എസ്‌.എൻ.ഡിപി,ധീവരസഭ തുടങ്ങിയ ഹിന്ദു സംഘടനകൾക്ക്‌ ഇത്തരം സ്ഥാനാർത്ഥിനിർണ്ണയത്തിൽ കാര്യമായ പങ്കു വഹിക്കാൻ ഒന്നും അവസരം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.സംഘടിതമായി വിലപേശുവാൻ ഇക്കൂട്ടർക്ക്‌ അറിയില്ല എന്നു വേണം കരുതുവാൻ.. അവർ തരാതരം പോലെ ഒന്നും കിട്ടിയില്ലേലും സി.പി.എം കാരൻ സി.പി.എം നും കോൺഗ്രസ്സിനും എല്ലാം വോട്ടുചെയ്തുകൊള്ളും.

കേരള രാഷ്ടീയത്തിൽ മുസ്ലീലിം ലീഗ്‌ നിർണ്ണായകശക്തിയായത്‌ അവർക്കിടയിലെ ഐക്യവും സമുദായസ്നേഹവും ഒന്നുകൊണ്ടുമാത്രം ആണെന്ന് തിരിച്ചറിയുവാൻ എന്തുകൊണ്ടോ കമ്യൂണിസവും കോൺഗ്രസ്സ്‌ അനുഭാവവും താലക്കുപിടിച്ച്‌ നടക്കുന്ന,പാർട്ടികൾക്കുവേണ്ടി കൊല്ലാനും കൊൽലപ്പെടുവാനും ജീവിതം ഉഴിഞ്ഞുവച്ച ഭൂരിപക്ഷത്തിനു കഴിയുന്നില്ല. ഐക്യത്തിന്റേയും സംഘടിത ശക്തിയുടേയും ഗുണം ഇക്കൂട്ടർക്ക്‌ പകർന്നു നൽകുവാൻ വിവിധ ഹൈന്ദവ സംഘടനകൾക്ക്‌ ആകുന്നില്ല എന്നതാണ്‌ സത്യം.ബി.ജെ.പിയാകട്ടെ അംബലകാര്യത്തിനപ്പുറം ജനകീയപ്രശനങ്ങളിൽ കാര്യമായി ഇടപെടുന്നുമില്ല.കേരളത്തിലെ സാഹചര്യത്തിനനുസരിച്ച്‌ അവർ അജണ്ടകളിൽ മാറ്റം വരുത്തി സമൂഹത്തിൽ ഇടപെടാതെ മാറിനിൽക്കുന്നത്‌ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തോടു ചെയ്യുന്ന കുറ്റകരമായ അനാസ്ഥയാണ്‌.

ഈ കപട മതേതരവാദികളെ തിരിച്ചറിഞ്ഞ്‌ സംഘടിച്ച്‌ മുന്നേറുവാൻ നോക്കിയില്ലെങ്കിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ഭൂരിപക്ഷം എന്നത്‌ അവകാശങ്ങൾ ഒന്നുമില്ലാതെ കേവലം അടിയാളന്മാരുടെ ഒരു സംഘമായി മാറില്ലേ?

Thursday, February 5, 2009

ഇറാഖിലെ ഷൂവും കേരളത്തിലെ ചെരുപ്പും..

ഇറക്കിൽ ബുഷിനു നേരെ ചെരിപ്പേറുണ്ടായപ്പോൾ ഇവിടെ കേരളത്തിൽ അതിന്റെ വ്യാഖ്യാനങ്ങളും ആഗോള സാമ്രാജ്യത്വത്തിനെതിരെ ആ ചെരുപ്പുയർത്തുന്ന വെല്ലുവിളികളും ഒക്കെയായി പലചർച്ചകളും നടന്നു. എന്നാൽ കഴിഞ്ഞദിവസം പിണറായിയുടെ യോഗത്തിനിടയിലും ഉണ്ടായത്രെ ഒരു ചെരിപ്പേറ്‌.ഈ ചെരിപ്പും വല്ലതിന്റേയും പ്രതീകം ആണോ എന്ന് പരിശോധിക്കുവാൻ ദാസ്യവേലചെയ്യുന്ന പ്രത്യയശാത്ര വിശാരദന്മാർ മിനക്കെട്ടുകണ്ടില്ല.

മുസ്തക്കിറിന്റെ ചെരിപ്പിനെ ഉമ്മവെക്കുവാൻ വെമ്പുന്നകൂട്ടർക്ക്‌ പക്ഷെ ഇവിടെ കോടികളുടെ അഴിമതിയാരോപണം പേറി അന്വേഷണ ഏജൻസി തെളിവുകൾ നിരത്തി വിചാരണചെയ്യുവാൻ ഗവൺമന്റിന്റെ അനുമതിയും കാത്ത്നിൽക്കുമ്പോൾ അത്തരം നേതാവിനെതിരെ ചെരിപ്പെറിഞ്ഞവനെ തല്ലിയോടിക്കുന്നു...അവിടെ ആകാം ഇവിടെ ആകരുത്‌...അവിടെ അതു പ്രതീകം ഇവിടെ അത്‌ അപലപനീയം...കൊള്ളാം.

ചൊവ്വിനെ തല്ലുകൊള്ളും അല്ലെങ്കിൽ ജീവൻ അപകടത്തിലായേക്കാം എന്നും ബോധമുണ്ടായിട്ടുപോലും ആ പ്രവർത്തിക്ക്‌ ഒരാൾ മുതിർന്നെങ്കിൽ അത്‌ അയാളിലെ ഇനിയും കെട്ടിനിർത്തുവാൻ കഴിയാത്ത രോഷത്തെ ആണ്‌ വ്യക്തമാക്കുന്നത്‌. ആ ചെരിപ്പേറ്‌ ഇനിയും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവന്റെ പ്രതികരണം ആണെന്നുവേണം കരുതുവാൻ.ആ ചെരിപ്പ്‌ പിണറായിക്കുനേരെ അല്ല അതു ഇനിയും ലജ്ജയില്ലാതെ സിന്ദബാദ്‌ വിളിക്കുകയും പത്തോനൂറൊ കൈകൂലിവാങ്ങിയവരെ തെരുവിൽ ഇട്ട്‌ അവഹേളിച്ച്‌ ചെരിപ്പുമാലയണിയിക്കുകയും ചെയ്യുന്നവർക്ക്‌ നേരെ ആകാനാണ്‌ സാധ്യത....

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരല്ലേ അവർക്ക്‌ അല്ലേലും ബുദ്ധിവരുവാൻ ഉച്ചയാകണം...

Thursday, January 22, 2009

ലാവ്‌ലിൻ- ഭയപ്പെടുന്നത്‌ എന്തിന്‌?

തലയിൽ പൂടയുള്ളവനാണ്‌ കോഴിയെ കട്ടതെന്ന് പറഞ്ഞപ്പോൾ സ്വന്തം തലമുടി തപ്പിയവന്റെ കഥ ഓർമ്മവരുന്നു ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്‌ കഴിൻഞ്ഞ ദിവസം ഉയർന്നുവന്ന ചിലരുടെ പരാമർശങ്ങൾ കേട്ടപ്പോൾ.ലാവ്‌ലിൻ കേസിൽ ഒരു മുൻ മന്ത്രിയെന്നതിനപ്പുറം സി.ബി.ഐ ഇനിയും പുറത്തുപറഞ്ഞിട്ടില്ല ആരാണ്‌ ഒമ്പതാം പ്രതിയെന്ന്. എന്നാൽ അതിനു ചിലർ പൊതുജന മധ്യത്തിൽ "ഇതു രാഷ്ടീയപ്രേരിതമാണ്‌, ഇതിനെ രാഷ്ടീയമായി നേരിടും" എന്നീ രീതിയിൽ ഉള്ള പദപ്രയോഗങ്ങളാൽ മുങ്കൂർ ജാമ്യം എടുത്തു തുടങ്ങിയിരിക്കുന്നു. ചിലർ അങ്ങിനെ ആണ്‌ തങ്ങൾക്ക്‌ വേണ്ടപ്പെട്ടവർ അല്ലെങ്കിൽ തങ്ങളിലെ പ്രധാനികൾ കേസിൽ കുടുങ്ങുമ്പോൾ ഉടനെ സി.ബി.ഐ ക്കെതിരെ വാളോങ്ങും.പ്രാഗ്യാസിങ്ങിനെയടക്കം ഉള്ളവരെ പിടികൂടിയ ഉദ്യോഗസ്ഥർ -അവർ സി.ബി ഐക്കാർ അല്ല- തന്നെ ഈകേസിലേയും,അഭയ കേസിലേയും പ്രതികളെ പിടികൂടിയിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി.ഇന്നു അവർക്ക്‌ നൽകുന്ന വാഴ്ത്തുമൊഴികൾക്കു പകരം ഭൽസനങ്ങൾ ആകുമായിരുന്നില്ലേ?

മാറാട്‌ കേസുപോലെ തന്നെ ലാവ്‌ലിൻ കേസിൽ സി.ബി.ഐ അന്വേഷണത്തെ പലരും ഭയന്നിരുന്നു.അന്വേഷണം മുന്നോട്ടുപോയാൽ തങ്ങളിൽ പലർക്കും അതു ബുദ്ധിമുട്ടുണ്ടാക്കും എന്ന മനസ്സിലാക്കിയതാവില്ലേ ആ ഭയത്തിനു പുറകിലെ കാരണം? കൊടികെട്ടിയ വക്കീലന്മാരെ അണിനിരത്തിയെങ്കിലും ലാവ്‌ലിൻ കേസിന്റെ അന്വേഷണം സി.ബി.ഐ യുടെ കൈകളിൽ എത്തി.ഇപ്പോൾ അവർ അതിന്റെ അവസാനഘട്ടത്തിൽ എത്തിയെന്നുവേണം വാർത്തകളിൽ നിന്നും മനസ്സിലാക്കുവാൻ.നാളെ ഈ കേസിനു എന്തുസംഭവിക്കും എന്നതിനപ്പുറം ഇന്നത്‌ വിരൽ ചൂണ്ടുന്നത്‌ ആരിലേക്ക്‌ എന്നതിനാണ്‌ പ്രാധാന്യം.

മറ്റൊരു കാര്യം രാഷ്ടീയത്തിലെ വന്മരങ്ങൾ കേസിൽ പെട്ടുപോയാൽ അവർക്കെതിരെ നടപടിയെടുക്കണേലും ചോദ്യം ചെയ്യണേലും ഗവർണ്ണരിൽ നിന്നും മറ്റും മുങ്കൂട്ടി അനുമതി വാങ്ങേണ്ടിവരുന്നത്‌ പലപ്പോഴും നടപടിയിൽ കാലതാമസം വരുത്തിവെച്ചേക്കാം. . ഈന്ത്യയിൽ രാഷ്ടീയപ്രവർത്തകരോ മുൻ മന്ത്രിമാരോ ഉൾപ്പെടുന്ന കേസുകൾ മുന്നോട്ടുപോകാൻ വളരെ വിഷമം ആണ്‌.ഇത്തരം നിരവധി കേസുകൾ നമുക്ക്‌ പരിചിതവുമാണ്‌.

സമകാലിക ഇന്ത്യൻ ജനാധിപത്യത്തിൽ നിരവധിപേർ അഴിമതി-കൊലപാതക കേസുകളിൽ അകപ്പെടുന്നതിന്റെ എണ്ണം വർദ്ധിചുവരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുവാൻ പ്രത്യേക സംവിധാനം കൊണ്ടുവരികയും ഇവരെ കസ്റ്റെഡിയിൽ എടുക്കുവാനും ചോദ്യം ചെയ്യുവാനും ഉള്ള തടസ്സങ്ങൾ പരമാവധി ഒഴിവാക്കുവാനും ഇത്തരം കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുന്നതു തടയുവാനും നിലവിലുള്ള സംവിധാനങ്ങളിൽ സമൂലമായ ഒരു പ്രതിവിധി ഉണ്ടാക്കേണ്ടിയിരിക്കുന്നു.