Saturday, May 16, 2009

തരൂരും ഷാനവാസും ആണ്‌ താരങ്ങൾ

തിരുവനന്തപുരത്തുകാരൊക്കെ ഇപ്പോൾ സയണിസ്റ്റുകളും സാമ്രാജ്യത്വാനുകൂലികളും ആയോ? അല്ല വിപ്ലവകേസരികൾ മുതൽ ബുദ്ധിജീവികൾ വരെയുള്ളവർ എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു ശ്രീമാൻ തരൂരിനെതിരെ ഉയർത്തിയിരുന്നത്‌.എന്നിട്ടിപ്പോൾ ദാണ്ടെ റിസൽറ്റുവന്നപ്പോൾ തരൂർ ഒരുലക്ഷത്തിനുമേളിൽ വോട്ടിനുജയിച്ചിരിക്കുന്നു. തിരുവനന്ദപുരത്തുപോയിട്ടു കോവളം കടപ്പുറത്തുവച്ചുവരെ കണ്ടിട്ടില്ലാത്ത കക്ഷിയെ, ഇന്നേവരെ ഒരു പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും നിന്നിട്ടില്ലാത്ത ആൾ.ശരിക്കുപറഞ്ഞാൽ ഹൈക്കമാന്റ്‌ കെ.പി.സി.സിയുടെ തലക്കുമേളിലൂടേ ഇറക്കിയ സ്ഥാനാർത്ഥി. എന്നിട്ടും തരൂർ ജയിച്ചു.


തരൂരിനെ തടയുവാൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ അതൊക്കെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം അതിജീവിച്ചു.സഭയും പട്ടക്കാരും,മഹല്ലുകാരും ഒക്കെ സ്ഥാനർത്ഥികൾക്കായി ശുപാർശ്ശചെയ്യുന്ന കാലത്ത്‌ ഇതുപോലെ ഒരു കൂട്ടരുടേയും പിന്തുണയില്ലാതെ തന്നെ തരൂരിനു മുന്നേറാൻ കഴിഞ്ഞു.

ചാനലുകളായ ചാനലുകളിലൂടെ ഇസ്രായേലി ചാരൻ,സാമ്രാജ്യത്വത്തിന്റെ സീമന്തപുത്രൻ എന്നൊക്കെ ഉറക്കെ വിളിച്ചുകൂവിയിട്ടും ഒരു വിഭാഗക്കാർ പത്രത്തിലും മറ്റും ദിവസേന അച്ചുനിരത്തിയിട്ടും ഒക്കെ ഒടുവിൽ ഫലം വന്നപ്പോൾ അക്കൂട്ടരുടെ കൂടെ വോട്ടും വാങ്ങി നല്ല ഉഗ്രൻ വിജയം കാഴ്ചവച്ച അപ്പോൾ തരൂരല്ലേ താരം?

ഓരോരുത്തർ കേന്ദ്രത്തിൽ മന്ത്രിസ്ഥാനം കരസ്ഥമാക്കുവാൻ അണിയറയിൽ അരമനക്കാരുടെ പിന്തുണയോടെ ചരടുവലിക്കുമ്പോൾ അതൊന്നും ഇല്ലാതെ എന്തിനു കേരളത്തിലെ കോൺഗ്രസ്സുകാരുടെ പിന്തുണപോലും ഇല്ലാതെ തന്നെ വിജയിക്കാമെങ്കിൽ തരൂർ ഒരു മന്ത്രിസ്ഥാനവും ഒപ്പിച്ചെടുക്കും എന്നതിൽ സംശയം വേണ്ട.കെ.വി തോമാസും മാണിയും ഒക്കെ അൽപം ഉഷ്ണിക്കേണ്ടിവരും.


ചരിത്രം കുറിച്ചുകൊണ്ട്‌ ഷാനവാസ്‌


മൽസരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇതുവരെ പരാജയപ്പെട്ട ഇമേജ്‌.മറ്റൊരു ജില്ലക്കാരൻ പൊതുവെ കോൺഗ്രസ്സുകാർക്കിടയിൽ വലിയ സ്വാധീനമോ ഗ്രൂപ്പുകളിയിൽ മികവോ ഇല്ലാത്തവൻ എന്നിങ്ങനെ ഒരുപാട്‌ പോരായ്മകളോടെ മൽസര രംഗത്തെക്ക്‌ ഇറങ്ങിയ ഒരു സ്ഥാനാർത്ഥിയാണ്‌ ശ്രീമാൻ ഷാനവാസ്‌.എന്നാൽ ഫലം വന്നപ്പോൾ എന്തായി കേരള സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അദ്ദേഹം വിജയിച്ചിരിക്കുന്നു.

പാർട്ടിപത്രം ഷാനവാസിനെ പരമാവധി ഇകഴ്ത്തിയായിരുന്നു വാർത്തകൾ നൽകിയിരുന്നത്‌.ജില്ലാ നേതൃത്വം തണുപ്പൻ മട്ടിലാണ്‌ അദ്ദേഹത്തെ വരവേറ്റത്‌,മണ്ടലത്തിൽ വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ ആളുകൾ സഹകരിക്കുന്നില്ല.എന്തൊക്കെ ആയിരുന്നു അദ്ദേഹത്തിനെതിരെ വാർത്തകൾ എന്നിട്ട്‌ എന്തായി? അതോടൊപ്പം മുരളീധരൻ പിടിക്കുന്ന കോൺഗ്രസ്സ്‌ വോട്ടുകൾ തങ്ങളുടേ വിജയത്തിനു സാധ്യത കൂട്ടുന്നു എന്നെല്ലാമുള്ള ദിവാസ്വപനങ്ങൾ വേറേ.

ആക്രാന്തം മൂത്ത്‌ ഉള്ള പദവിയും പത്രാസും കളഞ്ഞ്‌ ഡി.ഐ.സിയായും, എൻ.സിപിയായും ഒക്കെ അലയുന്ന കെ.മുരളീധരൻ വിജയിക്കും എന്നുവരെ പ്രവചനം നടന്ന മണ്ടലത്തിലാണീ ചരിത്ര വിജയം.സി.പി.എം സി.പി.ഐ പാരവെപ്പാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചാലും ഇത്രക്ക്‌ ഒരു ഭൂരിപക്ഷം എങ്ങിനെ ഉണ്ടായി എന്നത്‌ ഒരു ചോദ്യമായി അവശേഷിക്കുന്നു.

ഇതാണ്‌ പറയുന്നത്‌ മണ്ണും ചാരി നിന്നവൻ സീറ്റും കൊണ്ടുപോയീന്ന്..ശശിതരൂരും ഷാനവാസും തന്നെ താരങ്ങൾ.

2 comments:

Suмα | സുമ said...

ഹം...തരൂരെങ്കില്‍ തരൂര്‍...നാട് നന്നായാല്‍ നല്ലത്...
ഇതന്നെയാണ് എല്ലാ തരൂര്‍ കുട്ടന്മാരോടും പറയണേ... :D

ഭ്രമരന്‍ said...

കക്ഷത്തിൽ ഇരുന്നതു പോകേം ചെയ്തു ഉത്തരത്തിൽ(പൊന്നാനി)ഇരുന്നതു കിട്ടിയതുമില്ല.പിണറായി വിജയം കഥകളി അവസാന ദിവസം.