Saturday, July 11, 2009

പാർട്ടിപിന്തുണയും ജനപിന്തുണയും

ജനത്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയുന്ന പാർട്ടിയുടെ ഒരു നേതാവിനു പാർട്ടിയിൽ വലിയ എതിർപ്പും ജനങ്ങൾക്കിടയിൽ വലിയ മതിപ്പും ഉണ്ടാകുന്നു.എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്നത്‌ വളരെ വിചിത്രം തന്നെ.ഒരു നേതാവിനു ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാകുന്നു എങ്കിൽ തീർച്ചയായും അയാൾ ജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്നതല്ലെ? ജനകീയപാർട്ടിയാണെകിൽ സ്വാഭാവികമായും ഇത്തരം ഒരു നേതാവിനു പാർട്ടിക്കുള്ളിലും നല്ല മതിപ്പല്ലേ ഉണ്ടാകേണ്ടത്‌. എന്നാൽ വി.എസ്‌ അച്യുതാനന്ദൻ എന്ന നേതാവിന്റെ കാര്യം നേരെ മറിച്ചാണ്‌. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതുകൊണ്ട്‌ അങ്ങേരെ സ്വന്തം പാർട്ടിക്കാർക്ക്‌ കണ്ടുകൂടാത്രേ!!

പലതവണ വാണിങ്ങ്‌ ഒക്കെ കൊടുത്തു.എന്തുകാര്യം അങ്ങേരു വീണ്ടും അഴിമതിക്കെതിരായി നിലപാടും പ്രസ്ഥാവനയും ആയി മുന്നോട്ട്‌.പാർട്ടിക്ക്‌ സഹിക്കോ.പിബിയിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുവാൻ സംസ്ഥാന കമ്മറ്റിക്കാർക്ക്‌ വലിയ താൽപര്യമാണത്രെ.പാർട്ടിക്ക്‌ പണ്ടേ ഇങ്ങേരെ മൽസരിപ്പിക്കുവാനും മുഖ്യമന്ത്രിയാക്കുവാനും താൽപര്യം ഉണ്ടായിരുന്നില്ല എന്നാണ്‌ പണ്ടെ പറഞ്ഞുകേൾക്കുന്നത്‌. ജനം തങ്ങൾക്ക്‌ ഭരിക്കുവാൻ ഇദ്ദേഹത്തെ മതി എന്ന് പറഞ്ഞു, വലിയ ഭൂരിപക്ഷം കൊടുത്ത്‌ അധികാരത്തിൽ കയറ്റി.എന്നാൽ ജനതാൽപര്യം നോക്കിയാൽ പാർട്ടിക്ക്‌ മുന്നോട്ടുപോകാൻ ഒക്കുമോ? പാർട്ടിക്ക്‌ പല താലപര്യവും ഉണ്ടാകില്ല. അതു തിരിച്ചറിയാതെ ഒരാളെ എങ്ങിനെ വച്ചുപൊറുപ്പിക്കും.

ലാവ്‌ലിൻ കേസ്‌ ചെറിയ പുലിവാലൊന്നും അല്ല. ഒഴിവാക്കുവാൻ പല വഴിയും നോക്കി. വലിയ വക്കീലന്മാരെ കൊണ്ടുവന്നു കോടതിയിൽ വാദിച്ചുനോക്കി.നടന്നില്ല.അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു കുറ്റപത്രം സമർപ്പിച്ചു.മുൻ മന്ത്രിയായ പാർട്ടിനേതാവിനെ വിചാരണ ചെയ്യുവാൻ സി.ബി.ഐ അനുമതിതേടിയപ്പോൾ മന്ത്രിസഭ അനുമതി നൽകിയില്ല്. അവർ നൽകിയില്ലെങ്കിലും ഗവർണ്ണറുടെ അനുമതി കിട്ടി.അനുമതി നൽകിയതിൽ പ്രതിഷേധിച്ച്‌ ഗവർണ്ണറുടെ കോലം കത്തിച്ചു.ഒരു കാര്യവും ഇല്ല.നിയമം അതിന്റെ വഴിക്കു മുന്നോട്ട്‌.

പാർട്ടി എന്തുകാര്യവും കൂടിയാലോചിച്ചേ ചെയ്യൂ എന്നാണ്‌ നേതാക്കന്മാർ പറയുന്നത്‌ അപ്പോൾ ലാവ്‌ലിനും ചർച്ച ചെയ്തുകാണും.ചർച്ച ചെയ്തു അനുമതി നൽകിയതിന്റെ ഗുണം ആരെങ്കിലും ഒക്കെ പറ്റിയും കണും.ആ പറ്റിയവർ പാർട്ടിക്ക്‌ വേണ്ടപ്പെട്ടവർ ആണെങ്കിൽ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും പാർട്ടിക്കുള്ളതല്ലേ?

പാർട്ടിപിന്തുണയും ജനപിന്തുണയും മാറ്റുരച്ചാൽ വിജയിക്കുക പാർട്ടി പിന്തുണ തന്നെ ആയിരിക്കും.കീഴ്ഘടകം മുതൽ സംസ്ഥന ഘടകം വരെ പിണറായിക്കൊപ്പം നിൽക്കുമ്പോൾ വി.എസ്സിന്റെ ജനപിന്തുണ എത്രതന്നെ ആയാലും അതു കേന്ദ്രനെതൃത്വത്തിൽ വിലപ്പോയെന്ന് വരില്ല.വി.എസ്സ്‌ അചുതാനന്ദന്റേയും,പിണറായി വിജയന്റേയും കാര്യത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം എന്തുനിലപാടെടുക്കും എന്നതിൽ വലിയ തർക്കത്തിന്റേയും ഊഹത്തിന്റേയും ഒന്നും ആവശ്യം ഇല്ല.ഇന്നത്തെ നിലക്ക്‌ പിണറായിയേക്കാൾ മികച്ച ഒരു നേതാവിനെ അവർക്ക്‌ കിട്ടാനില്ല. ആനടപ്പും സംസാരവും പ്രവർത്തിയും. കാലഘട്ടത്തിനനുസരിച്ച്‌ തികഞ്ഞ ഒരു ഇസ്റ്റ്‌തന്നെ. പത്രക്കാരോടൊക്കെ എന്ത്‌ മാന്യ്മായിട്ടാണ്‌ സംസാരിക്കുന്നത്‌.

വല്യ വല്യ മുതലാളിമാർ,ലാവ്‌ലിൻ പോലുള്ള കമ്പനികൾ ഇതൊക്കെ എന്താണെന്ന് വല്ല പിടിയും ഉണ്ടോ വി.എസ്സിനു.പഴയ സഖാക്കൾ ബീഡിതെരുത്തും,ചകിരിതല്ലിയും ഉണ്ടാക്കുന്നതിൽ നിന്നും മിച്ചം പിടിച്ച്‌ പാർട്ടി വളർത്തി.എന്നാൽ ഇന്ന് അതാണോ കാലം.അന്നത്തെ അവസ്ഥയാണോ ഇന്ന്.ഇന്റർന്നെറ്റും മൊബലിൽ ഫോണും ഒക്കെ ആയില്ലേ? വി.എസ്സ്‌ ഇപ്പോഴും പഴയ വരട്ട്‌ കമ്യൂണിസവും പറഞ്ഞ്‌ അഴിമതിയ്ക്കെതിരെ കേസും കൂട്ടവുമായി നടക്കുന്നു. പോരാത്തതിനു മദനിയെപ്പോലുള്ള മഹാന്മാരുമായി കൂട്ടുചെരുന്നതിനെ എതിർക്കുന്നു.

കാലത്തിനൊത്ത്‌ കോലം കെട്ടുവാൻ അറിയാത്ത വി.എസ്സ്‌ അച്യുതാനന്തനെ പാർട്ടിക്കാർ നിർദ്ദാക്ഷിണ്യം ഒഴിവാക്കുന്ന കാഴ്ച നമുക്ക്‌ കാണുവാൻ കഴിഞ്ഞേക്കാം.പുറത്താക്കിയാലോ അങ്ങെരുടെ കുറ്റങ്ങളും കുറവുകളും ഒക്കെ പത്രത്തിലും ചാനലിലും നിറക്കും.പൊട്ടന്മാർ അത്‌ ഏറ്റുപാടും.പോസ്റ്ററൊട്ടിക്കും നോട്ടീസടിക്കും കുറേ കഴുതകൾ ഇതിന്റെ പേരിൽ തലതല്ലിപ്പൊളിക്കും.എന്തായാലും ഒന്നുറപ്പിച്ചുപറയാം.വി.എസ്സിനെപ്പോലെ മേലാൽ ഒരാളും പാർട്ടിഭരിക്കുമ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കുകയില്ല.ഇങ്ങേർക്കെതിരെ ഉള്ള നടപടി ഇനിയുള്ളവർക്ക്‌ ഒരു പാഠം ആയിരിക്കും. അചുതാനന്ദനെ പുറത്താക്കൂ അഴിമതിയെ രക്ഷിക്കൂ എന്ന് ചിന്തിക്കുന്നവർക്ക്‌ ഭൂരിപക്ഷം ഉണ്ടായാൽ ജനം അതും സഹിക്കുകതന്നെ.