Saturday, May 16, 2009

കടുത്തപരാജയവുമായി പിണറായിയും കൂട്ടരും.

ജനം വോട്ടുചെയ്യാതിരുന്നതുകൊണ്ടു തോറ്റു എന്ന് പറയുന്നതിനേക്കാൾ പിണറായിയെയും പി.ഡി.പിയേയും ജനം തിരിച്ചറിഞ്ഞതുകൊണ്ടുതോറ്റു എന്നുപറയുന്നതല്ലെകൂടുതൽ ഭംഗി? തിരഞ്ഞെടുപ്പുകാലത്ത്‌ കൊട്ടിഘോഷിക്കപ്പെട്ടപിണറായി-പി.ഡി.പി സഖ്യത്തെ ജനം പാടെ തൂത്തെറിഞ്ഞിരിക്കുന്നു.പൊന്നാനിയിലെ തോൽവി അവിടെ മാത്രം ഒതുങ്ങുന്നില്ല അതൊരു തരംഗമായി കേരളക്കരയിൽ ആകെ അലയടിച്ചു.


പാർട്ടിക്കകത്ത്‌ താൻപ്രമാണിത്വം കാണിക്കുവാൻ ശ്രമിച്ചവർക്ക്‌ ശക്തമായ തിരിചടി ജനം നൽകിയിരിക്കുന്നു.അതോടൊപ്പം അചുതാനന്ദന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് കണ്ട്‌ ജനം അങ്ങേർക്കും കൊടുത്തു പ്രഹരം എന്നതും വ്യക്തമാണ്‌.അഴിമതിക്കെതിരെ പടനയിക്കുവാൻ പുറപ്പെട്ടിട്ട്‌ ലാവ്ലിൻ അഴിമതികണ്ട്‌ മിണ്ടാതെ മടങ്ങിപ്പോന്നു.മിണ്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സ്വാഹ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ ജയിച്ചത്‌ 1 സീറ്റിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചത്‌ 4 സീറ്റിൽ അപ്പോൾ ഞങ്ങൾക്ക്‌ 3 സീറ്റിന്റെ ഭൂരിപക്ഷം എന്ന് അണികളെക്കൊണ്ട്‌ പറയിപ്പിക്കുവാൻ ഇപ്പോഴും കഴിഞ്ഞേക്കാം.എങ്കിലും കണ്ണൂരിലെ ഫലം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌ അണികൾ പരസ്യമായി അനുസരിക്കുകയും രഹസ്യമായി പണികൊടുക്കുകയും ചെയ്യുന്നവരാണെന്ന കാര്യം.അല്ലെങ്കിൽ പിന്നെ പാർട്ടിഗ്രാമങ്ങൾ എന്നുവിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്രക്ക്‌ വലിയ പരാജയം ഉണ്ടാകുമായിരുന്നോ?

വടകരയിൽ ജനതാദൾ ഓഫീസുകൾ തകർത്തതുകോണ്ടോ, കണ്ണൂരിൽ സുധാകരനെ പല്ലിളിച്ചുകാട്ടിയും കണ്ടവന്റെ വീടുതല്ലിപ്പൊളിച്ചും പ്രകടനത്തിനു നേരെ ബാംബെറിഞ്ഞും കൈത്തരിപ്പും കെലിപ്പും തീർക്കാമെങ്കിലും സത്യം സത്യമാകാതിരിക്കുന്നില്ല.

പതിവു പല്ലവിയുണ്ടല്ലോ ബി.ജെ.പി വോട്ടുമറിച്ചു.എൻ.ഡി.എഫ്‌ വോട്ടു ചെയ്തു എന്നൊക്കെ.ഒന്നും രണ്ടും വോട്ടല്ല അമ്പതിനായിരത്തിനു മേളിൽ ആണ്‌ പലർക്കും ഭൂരിപക്ഷം. എൻ.ഡി.എഫുകാർക്കെവിടുന്നാ ഇത്രക്ക്‌ വോട്ടു സാറന്മാരേ? മാത്രമല്ല ഇത്തവണ ബി.ജെ.പി സ്ഥാനാഥികൾ സംസ്ഥാനത്ത്‌ വോട്ടുകൾ നിലനിർത്തുകയോ നില മെച്ചപ്പെടുത്തുകയോചെയ്തിട്ടുണ്ട്‌.അതുകൊണ്ടുതന്നെ അവർ വോട്ടുമറിച്ചുനൽകി എന്ന് പറയുന്നതിൽ കാര്യമില്ല.തിരുവനന്ദപുരത്ത്‌ രാജഗോപാൽജി മൽസരിച്ച അത്രക്ക്‌ വോട്ടുകിട്ടിയില്ല എന്ന് പറയുന്ന കഴുതകൾ ഉണ്ടായിരിക്കാം അങ്ങിനെ ആണെങ്കിൽ എന്തേ സതീദേവിക്കും പി.കരുണാകരനും വോട്ടുകുറഞ്ഞത്‌ അവർ വോട്ടുമറിച്ചുനൽകിയോ?

ഒരുപക്ഷെ ഇടതുപക്ഷം ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരം ഒരു പരാജയം നേരിടുന്നത്‌.പാർട്ടിമിഷ്യനറിയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും, ഇന്റർ നെറ്റ്‌,എസ്‌.എം.എസ്‌ തുടങ്ങി എല്ലാവിധ ആധുനീക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടും വലിയ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ്‌ ക്യാമ്പെയിൽ ആണ്‌ നടത്തിയത്‌.പാർട്ടിനയങ്ങളിൽ നിന്നുംബഹുദൂരം വ്യതിചലിച്ചുകൊണ്ട്‌ പി.ഡി.പി പോലുള്ള കക്ഷികളുമായി കൂട്ടുകൂടി എന്നിട്ടും കനത്ത തോൽവി നേരിടേണ്ടി വന്നിരിക്കുന്നു. സി.പി.ഐക്ക്‌ ഒരിടത്തുപോലും വിജയം കൈവരിക്കുവാൻ കഴിഞ്ഞില്ല. വിജയിച്ചതിൽ തന്നെ കാസർഗോഡും ആലത്തൂരും മാത്രമാണ്‌ അൽപം ആശ്വാസം.പാലക്കാട്ടേത്‌ കഷ്ടിച്ചുള്ള വിജയം.

എന്തായാലും ഒരു കാര്യം വ്യക്തമകുന്നുണ്ട്‌ പ്രീണനത്തിലൂടെ പാർളമെന്റിലേക്ക്‌ എന്ന നയം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നത്‌.

തരൂരും ഷാനവാസും ആണ്‌ താരങ്ങൾ

തിരുവനന്തപുരത്തുകാരൊക്കെ ഇപ്പോൾ സയണിസ്റ്റുകളും സാമ്രാജ്യത്വാനുകൂലികളും ആയോ? അല്ല വിപ്ലവകേസരികൾ മുതൽ ബുദ്ധിജീവികൾ വരെയുള്ളവർ എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു ശ്രീമാൻ തരൂരിനെതിരെ ഉയർത്തിയിരുന്നത്‌.എന്നിട്ടിപ്പോൾ ദാണ്ടെ റിസൽറ്റുവന്നപ്പോൾ തരൂർ ഒരുലക്ഷത്തിനുമേളിൽ വോട്ടിനുജയിച്ചിരിക്കുന്നു. തിരുവനന്ദപുരത്തുപോയിട്ടു കോവളം കടപ്പുറത്തുവച്ചുവരെ കണ്ടിട്ടില്ലാത്ത കക്ഷിയെ, ഇന്നേവരെ ഒരു പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും നിന്നിട്ടില്ലാത്ത ആൾ.ശരിക്കുപറഞ്ഞാൽ ഹൈക്കമാന്റ്‌ കെ.പി.സി.സിയുടെ തലക്കുമേളിലൂടേ ഇറക്കിയ സ്ഥാനാർത്ഥി. എന്നിട്ടും തരൂർ ജയിച്ചു.


തരൂരിനെ തടയുവാൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ അതൊക്കെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം അതിജീവിച്ചു.സഭയും പട്ടക്കാരും,മഹല്ലുകാരും ഒക്കെ സ്ഥാനർത്ഥികൾക്കായി ശുപാർശ്ശചെയ്യുന്ന കാലത്ത്‌ ഇതുപോലെ ഒരു കൂട്ടരുടേയും പിന്തുണയില്ലാതെ തന്നെ തരൂരിനു മുന്നേറാൻ കഴിഞ്ഞു.

ചാനലുകളായ ചാനലുകളിലൂടെ ഇസ്രായേലി ചാരൻ,സാമ്രാജ്യത്വത്തിന്റെ സീമന്തപുത്രൻ എന്നൊക്കെ ഉറക്കെ വിളിച്ചുകൂവിയിട്ടും ഒരു വിഭാഗക്കാർ പത്രത്തിലും മറ്റും ദിവസേന അച്ചുനിരത്തിയിട്ടും ഒക്കെ ഒടുവിൽ ഫലം വന്നപ്പോൾ അക്കൂട്ടരുടെ കൂടെ വോട്ടും വാങ്ങി നല്ല ഉഗ്രൻ വിജയം കാഴ്ചവച്ച അപ്പോൾ തരൂരല്ലേ താരം?

ഓരോരുത്തർ കേന്ദ്രത്തിൽ മന്ത്രിസ്ഥാനം കരസ്ഥമാക്കുവാൻ അണിയറയിൽ അരമനക്കാരുടെ പിന്തുണയോടെ ചരടുവലിക്കുമ്പോൾ അതൊന്നും ഇല്ലാതെ എന്തിനു കേരളത്തിലെ കോൺഗ്രസ്സുകാരുടെ പിന്തുണപോലും ഇല്ലാതെ തന്നെ വിജയിക്കാമെങ്കിൽ തരൂർ ഒരു മന്ത്രിസ്ഥാനവും ഒപ്പിച്ചെടുക്കും എന്നതിൽ സംശയം വേണ്ട.കെ.വി തോമാസും മാണിയും ഒക്കെ അൽപം ഉഷ്ണിക്കേണ്ടിവരും.


ചരിത്രം കുറിച്ചുകൊണ്ട്‌ ഷാനവാസ്‌


മൽസരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇതുവരെ പരാജയപ്പെട്ട ഇമേജ്‌.മറ്റൊരു ജില്ലക്കാരൻ പൊതുവെ കോൺഗ്രസ്സുകാർക്കിടയിൽ വലിയ സ്വാധീനമോ ഗ്രൂപ്പുകളിയിൽ മികവോ ഇല്ലാത്തവൻ എന്നിങ്ങനെ ഒരുപാട്‌ പോരായ്മകളോടെ മൽസര രംഗത്തെക്ക്‌ ഇറങ്ങിയ ഒരു സ്ഥാനാർത്ഥിയാണ്‌ ശ്രീമാൻ ഷാനവാസ്‌.എന്നാൽ ഫലം വന്നപ്പോൾ എന്തായി കേരള സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അദ്ദേഹം വിജയിച്ചിരിക്കുന്നു.

പാർട്ടിപത്രം ഷാനവാസിനെ പരമാവധി ഇകഴ്ത്തിയായിരുന്നു വാർത്തകൾ നൽകിയിരുന്നത്‌.ജില്ലാ നേതൃത്വം തണുപ്പൻ മട്ടിലാണ്‌ അദ്ദേഹത്തെ വരവേറ്റത്‌,മണ്ടലത്തിൽ വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ ആളുകൾ സഹകരിക്കുന്നില്ല.എന്തൊക്കെ ആയിരുന്നു അദ്ദേഹത്തിനെതിരെ വാർത്തകൾ എന്നിട്ട്‌ എന്തായി? അതോടൊപ്പം മുരളീധരൻ പിടിക്കുന്ന കോൺഗ്രസ്സ്‌ വോട്ടുകൾ തങ്ങളുടേ വിജയത്തിനു സാധ്യത കൂട്ടുന്നു എന്നെല്ലാമുള്ള ദിവാസ്വപനങ്ങൾ വേറേ.

ആക്രാന്തം മൂത്ത്‌ ഉള്ള പദവിയും പത്രാസും കളഞ്ഞ്‌ ഡി.ഐ.സിയായും, എൻ.സിപിയായും ഒക്കെ അലയുന്ന കെ.മുരളീധരൻ വിജയിക്കും എന്നുവരെ പ്രവചനം നടന്ന മണ്ടലത്തിലാണീ ചരിത്ര വിജയം.സി.പി.എം സി.പി.ഐ പാരവെപ്പാണെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചാലും ഇത്രക്ക്‌ ഒരു ഭൂരിപക്ഷം എങ്ങിനെ ഉണ്ടായി എന്നത്‌ ഒരു ചോദ്യമായി അവശേഷിക്കുന്നു.

ഇതാണ്‌ പറയുന്നത്‌ മണ്ണും ചാരി നിന്നവൻ സീറ്റും കൊണ്ടുപോയീന്ന്..ശശിതരൂരും ഷാനവാസും തന്നെ താരങ്ങൾ.

Wednesday, May 13, 2009

ബി.ജെ.പിക്ക്‌ സാധ്യത തെളിയുന്നു.

മഴക്കാലത്തെ കൂൺ പോലെ ആണ്‌ തിരഞ്ഞെടുപ്പുകാലത്തെ മൂന്നാം മുന്നണിയും.തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും,ഇടതുമതേതര സഖ്യം വികസിക്കും,വർഗ്ഗീയതയ്ക്കെതിരെ നിലകൊള്ളും അങ്ങിനെ പലതും അവർ പറയും.പക്ഷെ കൂണിന്റെ കഥപറഞ്ഞപോലെ അത്‌ തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതോടെ തീരുകയും ചെയ്യും.കേരളത്തിലും ബംഗാളിലും ആയിരുന്നു സി.പി.എം അടക്കം ഉള്ള ഇടതുപക്ഷക്കാരുടെ പ്രതീക്ഷ.എന്നാൽ ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്ന ലക്ഷണമാണ്‌.ബംഗാളിൽ സിങ്കൂർ നന്ദിഗ്രാം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയമാണെങ്കിൽ കേരളത്തിൽ ലാവ്‌ലിൻ അഴിമതി, പി.ഡി.പി ബന്ധം,മോശം ഭരണം കൂടാതെ ഗ്രൂപ്പ്‌ വഴക്കുകൾ തുടങ്ങി നിരവധി വിഷയങ്ങൾ. അച്യുതാനന്തന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് ലാവ്‌ലിൻ വിഷയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.


തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവും പൂർത്തിയാകുന്നതോടെ വ്യക്തമാകുന്നത്‌ കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ മങ്ങിയതോടൊപ്പം ബിജെപിയുടെ തിളക്കം വർദ്ധിക്കുന്നതുമാണ്‌. മൂന്നാം മുന്നണിയെന്ന സങ്കൽപ്പം സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടതിന്റെ കൂടെയുള്ളവരിൽ പലരും ബി.ജെ.പിയുമായോ കോൺഗ്രസ്സുമായോ സഖ്യം ചേർന്ന് ഭരണത്തിൽ പങ്കാളികളാകുവാൻ ഉള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.എന്നാൽ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ്സിനേക്കാൾ ബി.ജെ.പിക്കായിരിക്കും ഇത്തവണ സാധ്യത.അതോടെ ഇടതിന്റെ കൂടെയുള്ളവർ എന്ന് പറയുന്ന പലരും ബി.ജെ.പിയിലേക്ക്‌ ചേക്കേറുവാൻ ഒരുങ്ങുന്ന കാഴ്ചയാണിപ്പോൾ നമുക്ക്‌ മുമ്പിൽ ഉള്ളത്‌.


മായാവതിയും ജയലളിതയും മമതയും എല്ലാം തിരഞ്ഞെടുപ്പിന്റെ ഫലപ്യഖ്യാപനശേഷം ഭരണം ആർക്കെന്ന് വ്യക്തമായതിനു ശേഷം അതിനനുസരിച്ച്‌ തീരുമാനം എടുക്കുവാനാണ്‌ സാധ്യത. ഏകദേശം 200 സീറ്റുകളുമായി ബി.ജെ.പി ജയിച്ചുകയറിയാൽ പിന്നെ അവർ കോൺഗ്രസ്സിന്റെ ഒപ്പം കൂടാൻ ഒരു വഴിയും ഇല്ല.ഇടതിനു നിലവിൽ ഉള്ള സീറ്റുകൾ പോലും നിലനിർത്തുവാൻ കഴിയാത്ത അവസ്ഥയിൽ തീർച്ചയായും കോൺഗ്രസ്സിതര ഗവണ്മെന്റിനു സാധ്യതയില്ല.ഇടതുപക്ഷത്തിനു ഇന്ത്യഭരിക്കുവാൻ കഴിയും എന്ന് തോന്നുന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപനം മാത്രമാണ്‌.

എക്സ്റ്റിറ്റ്‌ പോളുകാർ പല നമ്പറും പറയും എന്നാൽ അതൊക്കെ കൃത്യമാകണം എന്നില്ല എന്നത്‌ പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസ്സ്‌ അൽപം മുൻതൂക്കം പ്രകടിപ്പിച്ചിരുന്നു.അതിന്റെ കൂടെ മാധ്യമങ്ങളുടെ വ്യക്തമായ സപ്പോർട്ടും കൂടെ ആയപ്പോൾ അവർക്ക്‌ വിജയസാധ്യതയുണ്ടെന്ന് പരക്കെ ഒരു പ്രതീതി പരന്നു.എന്നാൽ അവസാനഘട്ടത്തോടടുത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു എന്നതാണ്‌ സത്യം. വോട്ടെടുപ്പ്‌ ഫലങ്ങൾ വരുമ്പോൾ അതു സത്യമാണെന്ന് തെളിയുകയും ചെയ്യും.

Wednesday, May 6, 2009

അനുമതിനിഷേധത്തിൽ എന്തോന്ന് ഇത്ര അൽഭുതപ്പെടാൻ ഹേ

ലാവ്ലിൻ അഴിമതികേസിൽ പിണറായിവിജയനെ പ്രോസിക്യൂട്ടുചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്‌ ഏജിയുടെ അഭിപ്രായം ആരാഞ്ഞതിലും അതിന്റെ മറുപടിയായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിലും എന്തോ ആകാശം ഇടിഞ്ഞുവീണപോലെയാണ്‌ മാധ്യമങ്ങളും പ്രതിപക്ഷവും മറ്റുചിലരും പ്രതികരിച്ചിരിക്കുന്നത്‌.ഇതിൽ എന്തോന്ന് ഇത്രക്ക്‌ അൽഭുതപ്പെടാൻ?

ആരാണ്‌ ഭരിക്കുന്നത്‌?
ഭരിക്കുന്ന പ്രധാന പാർട്ടിയുടെ ആരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യുവാൻ അനുമതി ആവശ്യപ്പെടുന്നത്‌?
ഇതൊന്നും ആലോചിക്കുവാനുള്ള വിവരം ഇല്ലേ ഇതുങ്ങൾക്കൊന്നും ഹേ.

ഇനി ചർച്ചക്ക്‌ വന്നാൽ എന്തുസംഭവിക്കും? ഇതൊക്കെ ഇത്രക്ക്‌ വല്യ ചിന്തിക്കുവാനുള്ള വിഷയം ആണോ?ഇതിനു പാഴൂർപ്പടിപ്പുരവരെ പോകേണ്ടകാര്യം ഉണ്ടോ?കൂടിവന്നാൽ ബഹു:അച്യുതാനന്ദൻ ഒരു അഭിപ്രയവ്യത്യാസം പ്രകടിപ്പിക്കും. അതുകേട്ട്‌ ആരാധകർ ആവേശം കൊള്ളും അല്ലാ പിന്നെ.

ലാവ്ലിൻ വിഷയം തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ജനത്തിനു മുമ്പിൽ അവരിപ്പിക്കുവാൻ കഴിയാത്തവർ ഇപ്പോൾ ഉണ്ട്‌ പൊക്കിപ്പിടിച്ചോണ്ട്‌ നാടൊട്ടുക്ക്‌ നടക്കുന്നു...നാണം ഇല്ലേ എവന്മാർക്ക്‌?

ജനമെത്ര അഴിമതി വാർത്തകൾ കേട്ടിരിക്കുന്നു.അതങ്ങനെ ഒരു ചെവിയിലൂടെ വന്ന് മറ്റേ ചെവിയിലൂടെ പോകും.അല്ലാതെ അതും ചിന്തിച്ചോണ്ടിരുന്നൽ ഒരന്തോ കുന്തോം കിട്ടില്ല. കാരണം അഴിമതിക്കേസിൽ മുന്നേ നടന്നുപോയ മഹന്മാരായ എത്രപേരെ നാം കണ്ടിരിക്കുന്നു.പാമോയിലും,ഇടമലയറും എല്ലാം. അക്കൂട്ടത്തിലേക്ക്‌ ഒരു ലാവ്ലിനും അത്രതന്നെ!