Saturday, March 21, 2009

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ ..

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ പലർക്കും അൽഭിതമുണ്ടെങ്കിലും മറുപക്ഷത്തിനു ഇതിൽ യാതൊരു അൽഭുതവും ഇല്ല.തീർചയായും ചേരേണ്ടത്‌ ചേരുക തന്നെ ചെയ്യും. ആദ്യം പൊതു സ്വതന്ത്രൻ പിന്നെ നിയമസഭയിലും മറ്റും ചില സ്വതന്ത്രന്മാർ അല്ലെങ്കിൽ ഒരു സഖ്യം.കാര്യങ്ങൾ ഇങ്ങനെയാണേൽ ഇതിനൊന്നും വല്യ ബുദ്ധിമുട്ടുണ്ടാവില്ല എന്നുവേണം ഊഹിക്കുവാൻ.
അപ്പോളും വെള്ളാപ്പിളിയും,പണിക്കരേട്ടനും കാലാവസ്ഥക്കനുസരിച്ച്‌ കുടനീർത്തിയും പുറത്തിറങ്ങാതെയും ജീവിക്കും എന്ന് പറഞ്ഞമാതിരി സമദൂരവും,സ്വ്താനാർത്ഥിയുടെ വ്യക്തിപ്രഭാവവും പറഞ്ഞ്‌ ഇരിക്കും.

പത്തുവോട്ടിനും പ്രത്യയശാസ്ത്രത്തെയും പാർട്ടിനിലപാടിനേയും പരണത്തുവെക്കും എന്ന് ഒരിക്കൽകൂടെ വ്യക്തമാക്കിക്കൊണ്ട്‌ പി.ഡി.പിയുമായി വേദിപങ്കിടുവാൻ സി.പി.എം തയ്യാറായിരിക്കുന്നു. പി.ഡി.പിയുടെ പ്രസിദ്ധമായ "മതേതര" നിലപാടിനു സർട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു.സഖ്യകക്ഷികളേക്കാൾ വലുതു പി.ഡി.പിയായിരിക്കുന്നു. ഭേഷ്‌!

എന്നാൽ സി.പി.ഐ സഖാക്കൾക്കും ആർ.എസ്‌.പിക്കാർക്കും ഇതങ്ങ്ട്‌ ബോധിച്ചിട്ടില്ല.അവർ ഇതിൽ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.കാരണം എണ്ണത്തിൽ കുറവാണേലും അവർക്ക്‌ സാമാന്യബുദ്ധിയും ബോധവും ഉണ്ട്‌.താൽക്കാലിക ലാഭത്തിനു വേണ്ടി സി.പി.എം നടത്തുന്ന ഈ കളി പിന്നീട്‌ തിരിച്ചടിയാകും എന്ന് അവർക്ക്‌ അറിയാം.എന്നാൽ വല്യേട്ടന്റെ മുമ്പിൽ വല്ലാതെ വല്യവർത്തമാനം പറയുവാനും പേടിയുണ്ട്‌.പിടിച്ച്‌ പുറത്താക്കിയാലോ? പുറത്തായാൽ പിന്നെ ഒരുപക്ഷെ അവിടെ പി.ഡിപി കയറിയിരിക്കും.

കാശ്മീരിൽ ഇന്ത്യക്കെതിരെ പൊരുതുവാൻ കേരളത്തിൽ നിന്നുപോലും തീവ്രവാദികൾ റിക്രൂട്‌ ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ കേരളത്തിൽ പ്രത്യേകിച്ചു കണ്ണൂരിലും ആന്റി ടെററിസ്റ്റ്‌ വിഭാഗം ശക്തിപ്പെടുത്തേണ്ട സമയം ആണിത്‌.എന്നാൽ അവിടെ എന്തു സംഭവിച്ചു? ഇതിനിടയിൽ ആണ്‌ മാധ്യമങ്ങളിൽ ഗൗരവം ഉള്ള ചില വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്‌.പുത്തൻ "മതേതരക്കാരെ" പറ്റിയാണത്‌.

അധികാരത്തിന്റെ മത്ത്‌ തലക്കുപിടിച്ച്‌ നടക്കുന്നവർ താൽക്കാലിക ലാഭത്തിനു വേണ്ടി നടത്തുന്ന ഈ വൃത്തികെട്ട നീക്കുപോക്കുകൾ നമ്മുടെ നാടിനു ആപത്താണ്‌. രാമൻ പിള്ളയുടേ പാർട്ടിയും സഖ്യകക്ഷിയാകുവാനോ സഹയാത്രികരാകാനോ ശ്രമിക്കുന്നു എന്ന വാർത്തയും കണ്ടു.അതും നല്ലത്‌.അവരും മതേതരം.അനോണിയായായും അറിവുതേടിയായും വന്ന് എന്റെ ബ്ലോഗ്ഗിൽ കമന്റിട്ടതോണ്ടായില്ല.കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കാൻ പറ്റണം.

Sunday, March 15, 2009

പാക്കിസ്ഥാൻ തകരുമ്പോൾ.

ഇന്ത്യക്ക്‌ ലോകത്തിനു മുമ്പിൽ വെക്കുവാൻ ഉള്ളത്‌ ജനാധിപത്യം എന്ന മഹത്തായ വ്യവസ്ഥിതിയാണ്‌.അതു തികച്ചും ന്യായവും യുക്തിസഹവുമായ ഒരു പ്രകൃയയാണ്‌.എന്നാൽ ഇന്ത്യയിൽ നിന്നും വേർപ്പെട്ടുപോകുകയും നിരന്തരം കലാപങ്ങളും,രാഷ്ടേ‍ീയ സംഘർഷങ്ങളും നിലനിൽക്കുന്നതുമായ പാക്കിസ്ഥാന്റെ അവസ്ഥ മറിച്ചാണ്‌.ഒരു ഇടവേളക്ക്‌ ശേഷം ഇന്ന്പാക്കിസ്ഥാനിൽ രഷ്ടീയ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യം വഴിമാറി ഇന്നിപ്പോൾ ഭീകരാധിപത്യം എന്ന പുത്തൻ സംരംഭം അഫ്ഗാനിൽ നിന്നും ആരംഭിച്ച്‌ പാക്കിസ്ഥാനെയും വിഴുങ്ങു‍ാൻ വാപൊളിച്ചുനിൽക്കുന്നു.അവിടെ തീവ്രവാദികൾ വർദ്ധിച്ചാൽ അതിന്റെ ഭീഷണി ഇന്ത്യക്ക്‌ ആണ്‌.ഇന്ത്യക്കുനേരെ ഇവർ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടും.പ്രത്യേകിച്ച്‌ ആണവായുധം കൈവശമുള്ള ഒരു രാജ്യം ഭീകരന്മാരുടേ കൈവശം ചെന്നുചേർന്നാൽ ഉണ്ടാകുന്ന അവസ്ഥ പറയുവാനും ഇല്ല.ഇക്കാര്യത്തിൽ ആഗോളസമൂഹം കൂടുതൽനടപടിക്ക്‌ തയ്യാറായേ പറ്റൂ.

അപരിഷ്കൃതമായ പല നിയമങ്ങളും നടപ്പാക്കുന്ന ഭരണകൂടം അഫ്ഗാനിസ്ഥാനെ കുട്ടിച്ചോറാക്കിയിരിക്കുന്നു.ജനങ്ങൾക്ക്‌ സ്വസ്ഥതയും സമാധാനവും പ്രധാനം ചെയ്യുവാൻ കഴിയാത്ത പിൻതിരിപ്പൻ ആശയങ്ങൾ ആണവരെ നയിക്കുന്നത്‌. സമാധാനം എന്ന വാക്ക്‌ നിഖണ്ടുവിൽ ഇല്ലാത്ത ഇത്തരം ആളുകൾ പാക്കിസ്ഥാനെയും ഭരിക്കുവാൻ ഇടവന്നാൽ അത്‌ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.മനുഷ്യത്വം,ദയ തുടങ്ങിയവയെ കുറിച്ച്‌ മനസ്സിലാക്കാത്തവർ എന്തു ഭീകര കൃത്യത്തിനും മുതിർന്നേക്കാം.തികച്ചും ജനാധിപത്യവിരുദ്ധവും സംസ്കാരശ്യൂന്യവുമായ ഒരു ഭരണം പാക്കിസ്ഥാനിൽ വന്നാൽ ആ രാജ്യം തകർന്നാൽ,നമുക്കെതിരെ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടുന്ന ശത്രുരാജ്യം നാശിച്ചു എന്ന നിലയിൽ നാം ഒരു വേള സന്തോഷിച്ചേക്കാം. എന്നാൽ ഈ തീവ്രവാദിക്കൂട്ടം നമ്മളെ ആക്രമിക്കാൻ മുതിർന്നേക്കാം. അതിനാൽ ശത്രുരജയത്തിന്റേ നാശത്തിൽ അധികം സന്തോഷിക്കാതെ നമ്മുടെ സുരക്ഷയെ കുറിച്ച്‌ കൂടുതൽ ജാകരൂകരാകുകയാണ്‌ ഈ വേളയിൽ നമുക്ക്‌ അഭികാമ്യം.

ഭീകരാക്രമണങ്ങളുടേയും അതിർത്തിയിൽ നിന്നുള്ള ഭീഷണികളുടേയും പശ്ചാത്തലത്തിൽ അടുത്ത കാലത്തായി നമ്മുടെ രാജ്യം വൻ തുകയാണ്‌ രാജ്യരക്ഷക്കായി നീക്കിവെക്കുന്നത്‌. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനു ചിലവിടേണ്ട തുകയാണിതെന്ന് ഓരോ ഇന്ത്യക്കാരനും ഓർക്കേണ്ടതുണ്ട്‌. സൈന്യവും,ഇന്റലിജെൻസും എല്ലാം എത്രമേൽ ജാഗ്രത പുലർത്തിയാലും പിൻന്തിരിപ്പന്മാരും രാജ്യദ്രോഹികളുമായ ആരെങ്കിലും ഉണ്ടായാൽ മതി സ്ഥിതിഗതികൾ തകിടം മറിയുവാൻ.ജനാധിപത്യപ്രക്രിയയിൽ നുഴഞ്ഞുകയറി അതിനെ ശിഥിലീകരിക്കുവാൻ, സ്വതന്ത്രന്മാരുടേയും മറ്റും മുഖം മൂടിയണിഞ്ഞു തിരഞ്ഞെടുപ്പിൽ മൽസരിക്കുവാൻ ശ്രമിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ശ്രമിച്ചേക്കാം. ഇക്കൂട്ടാരെ തിരിച്ചറിഞ്ഞ്‌ അവരെ ഒഴിവാക്കുവാൻ ഉള്ള ആർജ്ജവം ഇന്ത്യൻ ജനത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യം ശക്തിപ്പെടുത്തുവാൻ ദേശീയതാൽപര്യം സംരക്ഷിക്കുന്ന്വർക്കും തീവ്രവാദത്തെ ചെറുക്കുന്നവർക്കും വോട്ടുചെയ്തു തങ്ങളുടെ രാജ്യസുരക്ഷ ഉറപ്പുവരുത്തുക എന്നത്‌ ഓരോ പൗരന്റേയും ചുമതലയാണ്‌.എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും നമ്മെ സംബന്ധിച്ച്‌ ജനാധിപത്യത്തിനു പകരം വെക്കുവാൻ മറ്റൊന്നും ഇല്ലെന്ന് തിരിച്ചറിയുക.

Thursday, March 12, 2009

മതേതര ഇടത്‌ മൂന്നാം മുന്നണിയുടെ പ്രസക്തിയെന്ത്‌?

പ്രകാശ്‌ കാരാട്ട്‌ വിശാല ഇടത്‌ മതേതര സഖ്യത്തിനു ബാംഗ്ലൂരിൽ രൂപം നൽകുമ്പോൾ ഇവിടെ സി.പി.എം ഘടകകഷികളെ ഒതുക്കിയും പുകച്ചുപുറത്തുചാടിച്ചും തിരഞ്ഞെടുപ്പിനു ഇടതുപക്ഷത്തെ തയ്യാറാക്കുന്ന വിരോധാഭാസം ആണ്‌ കാണുന്നത്‌.ഒരു പക്ഷെ ഇടതുപക്ഷത്തിന്റെ പിളർപ്പിലേക്കുതന്നെ നയിച്ചേക്കാവുന്ന സംഭവങ്ങളാണ്‌ കേരളത്തിൽ സി.പി.എം നടത്തുന്ന വെട്ടിനിരത്തലും പിടിച്ചടക്കലും കൊണ്ട്‌ ഉണ്ടാകാൻ പോകുന്നത്‌.

ഇന്ത്യയെ ഭരിക്കുന്നതിനു സി.പി.എം.മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ്‌ തട്ടിക്കൂട്ട്‌ സംഘത്തിനു കഴിയും എന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്‌.ഭരിക്കണമെങ്കിൽ ഒന്നുകിൽ കോൺഗ്രസ്സോ അല്ലെങ്കിൽ ബി.ജെ.പിയോ ആയി ഇവർക്ക്‌ സഖ്യം ഉണ്ടാക്കേണ്ടി വരും,അല്ലെങ്കിൽ ഇവരിൽ ഒരു കൂട്ടർക്ക്‌ പിൻന്തുണ നൽകേണ്ടിവരും.രണ്ടായാലും ഇവരെ തിരഞ്ഞെടുക്കുന്ന ജനം വിഡ്ഡികളാക്കപ്പെടുന്നതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഉണ്ടാകുക എന്ന് മുങ്കാല അനുഭവം സാക്ഷ്യമാകുന്നു.

സുശക്തമായ ഒരു ഭരണം ഇന്ത്യക്ക്‌ ലഭിക്കണമെങ്കിൽ ചെറുകക്ഷികളുടെ ധാരാളിത്വം ഒരിക്കലും അനുയോജ്യമല്ല. മാത്രമല്ല കേരളത്തിലും മറ്റും തിരഞ്ഞെടുപ്പിൽ പരപ്സരം പോരടിക്കുന്നവർ കേന്ദ്രത്തിൽ ഒന്നിച്ചുഭരിക്കുകയോ പിൻതുണക്കുകയോ ചെയ്യുന്നത്‌ ജനങ്ങളെ വിഡ്ഡികളാക്കുന്ന കാശ്ചയാണ്‌. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണിവർ പറയുന്ന വലിയ വർത്തമാനം.എന്നിട്ട്‌ കൂട്ടുചേരുന്നത്‌ മായാവതിയും,മുലായവും,ജയലളിതയുമൊക്കെയായിട്ടും ഒക്കെ ആയേക്കാം..ബി.ജെ.പി ഇന്ത്യ ഭരിച്ചിട്ട്‌ എന്തുകുഴപ്പം ഉണ്ടായി? കോൺഗ്രസ്സ്‌ ഭരണകാലത്ത്‌ ഇന്ത്യയിൽ തീവ്രവാദിപ്രവർത്തനങ്ങൾ വർദ്ധിക്കുകയല്ലേ ഉണ്ടായത്‌? തീവ്രവാദത്തെ ശക്തമായി നേറിടുക തന്നെ വേണം. ഇതിനു പക്ഷെ ആർജ്ജവം ഉള്ള ഒരു ഭരണനേതൃത്വം ആണ്‌ ഇന്ത്യക്ക്‌ വേണ്ടത്‌.

അഴിമതിയെ കുറിച്ച്‌ സംസാരിക്കുന്നവർ ലാവ്‌ലിൻ അഴിമതിക്കേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന പാർട്ടിസെക്രട്ടറിയുടെ നേത്വത്വത്തിൽ ആണ്‌ മുന്നോട്ടുപോകുനത്തെന്നതും,മന്ത്രിപുതന്മാരുടെ പേരുകൾ ടോട്ടൽ തട്ടിപ്പുമുതൽ പല കേസുകളിലും ഉയർന്നുവരുന്നു എന്നതും ചേർത്തു വായിക്കേണ്ടതുണ്ട്‌. അഴിമതിക്കെതിരായി സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വായമൂടിക്കെട്ടിയാണ്‌ ലാവ്‌ലിനെ പാർട്ടി നേരിട്ടത്‌.അപ്പോൾ അഴിമതി വർത്തമാനത്തിൽ കഴമ്പില്ല എന്ന് ചുരുക്കം. ബി.ജെ.പിയെ മോശമായി ചിത്രീകരിക്കുകയും വർഗ്ഗീയപ്രസ്ഥാനമായി സദാ വിശേഷിപ്പിക്കുകയും ചെയ്യുന്നവർക്ക്‌ പക്ഷെ ന്യൂനപക്ഷക്കാര്യം വരുമ്പോൾ മുട്ടുവിറക്കും.തീവ്രവാദപ്രവർത്തനകേസുകളിൽ കേരളത്തിൽ നിന്നും പലരും അറസ്റ്റുചെയ്യപ്പെടുന്നു.ഇതേ കുറിച്ച്‌ പക്ഷെ വർഗ്ഗീയ്‌വിരുദ്ധ പ്രസംഗം നടത്തുന്നവർ മിണ്ടുന്നില്ല.

മലപ്പുറത്തും എറണാംകുളത്തും മറ്റും എത്തുമ്പോൾ സി.പി.എം ന്റെയും ഇടതുപ്ക്ഷത്തിന്റേയും മതേതരത്വത്തിൽ വെള്ളം ചേരുന്നു എന്നതല്ലേ സത്യം? പി.ഡിപിക്കാരുടെ താൽപര്യത്തിനനുസരിച്ചു വല്യേട്ടൻ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ.കുഞ്ഞേട്ടൻ ഒരു പടികൂടെ കടന്ന് പോപ്പുലർ ഫ്രണ്ടിന്റെ ചടങ്ങിൽ കയറിക്കൂടിയ ആളെ തന്നെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നു. ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങളുമായി ആലോചിച്ച്‌ അവരുടെ താൽപര്യം കണക്കിലെടുത്ത്‌ സ്ഥാനാർത്ഥികളെ നിശ്ചയിച്ച്‌ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർക്ക്‌ എങ്ങിനെ "മതെതരനിലപാട്‌" മുന്നോട്ടുവെക്കുവാൻ കഴിയും? ഇതു തന്നെ കാപട്യമാണ്‌.എറണാംകുളത്ത്‌ ലത്തീൻ കത്തോലിക്കണേ തിരയുന്ന "മതേതരക്കാരൻ" പക്ഷെ പാലക്കാടടക്കം കേരളത്തിൽ ഒരിടത്തും നമ്പൂതിരിസ്ഥാനാർത്ഥിയേയോ,വാര്യർ,മാരാർ തുടങ്ങിയ വിഭാഗത്തിൽ നിന്നും ഉള്ളവരേയോ നിർദ്ദേശിച്ചിട്ടില്ല!!

ന്യൂനപക്ഷ നേതാക്കന്മാരുടെ മുമ്പിൽ മുട്ടുകാലിൽ നിന്നുകൊണ്ടും ശയനപ്രദക്ഷിണം നടത്തിക്കൊണ്ടും വോട്ടുറപ്പാക്കുവാൻ ശ്രമിക്കുന്നവർ പക്ഷെ ഹിന്ദുസംഘടനകളെ അംഗീകരിക്കുവാനോ മറ്റോ തയ്യാറാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്‌. എൻ.എസ്‌.എസ്‌,എസ്‌.എൻ.ഡിപി,ധീവരസഭ തുടങ്ങിയ ഹിന്ദു സംഘടനകൾക്ക്‌ ഇത്തരം സ്ഥാനാർത്ഥിനിർണ്ണയത്തിൽ കാര്യമായ പങ്കു വഹിക്കാൻ ഒന്നും അവസരം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.സംഘടിതമായി വിലപേശുവാൻ ഇക്കൂട്ടർക്ക്‌ അറിയില്ല എന്നു വേണം കരുതുവാൻ.. അവർ തരാതരം പോലെ ഒന്നും കിട്ടിയില്ലേലും സി.പി.എം കാരൻ സി.പി.എം നും കോൺഗ്രസ്സിനും എല്ലാം വോട്ടുചെയ്തുകൊള്ളും.

കേരള രാഷ്ടീയത്തിൽ മുസ്ലീലിം ലീഗ്‌ നിർണ്ണായകശക്തിയായത്‌ അവർക്കിടയിലെ ഐക്യവും സമുദായസ്നേഹവും ഒന്നുകൊണ്ടുമാത്രം ആണെന്ന് തിരിച്ചറിയുവാൻ എന്തുകൊണ്ടോ കമ്യൂണിസവും കോൺഗ്രസ്സ്‌ അനുഭാവവും താലക്കുപിടിച്ച്‌ നടക്കുന്ന,പാർട്ടികൾക്കുവേണ്ടി കൊല്ലാനും കൊൽലപ്പെടുവാനും ജീവിതം ഉഴിഞ്ഞുവച്ച ഭൂരിപക്ഷത്തിനു കഴിയുന്നില്ല. ഐക്യത്തിന്റേയും സംഘടിത ശക്തിയുടേയും ഗുണം ഇക്കൂട്ടർക്ക്‌ പകർന്നു നൽകുവാൻ വിവിധ ഹൈന്ദവ സംഘടനകൾക്ക്‌ ആകുന്നില്ല എന്നതാണ്‌ സത്യം.ബി.ജെ.പിയാകട്ടെ അംബലകാര്യത്തിനപ്പുറം ജനകീയപ്രശനങ്ങളിൽ കാര്യമായി ഇടപെടുന്നുമില്ല.കേരളത്തിലെ സാഹചര്യത്തിനനുസരിച്ച്‌ അവർ അജണ്ടകളിൽ മാറ്റം വരുത്തി സമൂഹത്തിൽ ഇടപെടാതെ മാറിനിൽക്കുന്നത്‌ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തോടു ചെയ്യുന്ന കുറ്റകരമായ അനാസ്ഥയാണ്‌.

ഈ കപട മതേതരവാദികളെ തിരിച്ചറിഞ്ഞ്‌ സംഘടിച്ച്‌ മുന്നേറുവാൻ നോക്കിയില്ലെങ്കിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ഭൂരിപക്ഷം എന്നത്‌ അവകാശങ്ങൾ ഒന്നുമില്ലാതെ കേവലം അടിയാളന്മാരുടെ ഒരു സംഘമായി മാറില്ലേ?