Tuesday, June 3, 2008

കമ്യൂണിസ്റ്റ്‌ കല്യാണ മാമാങ്കങ്ങള്‍.

കേരളത്തെ സംബന്ധിച്ചേടത്തോളം മാര്‍ക്സും മാര്‍ക്കിസ്റ്റുപാര്‍ടിയും ഇന്ന്‌ കടലുംകടലാടിയും തമ്മിലുള്ള ബന്ധം മാത്രമായിക്കൊണ്ടിരിക്കുകയാണ്‌.അല്‍പം ചില മൂല്യങ്ങള്‍ എങ്കിലും നിലനിര്‍ത്തണം എന്ന്‌ വാശിപിടിക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നിരന്തരം വെട്ടിമാറ്റപ്പെടുന്നു. പാര്‍ടിനേതാക്കന്‍മാരുടെ മക്കളുടെ വിവാഹമാമാങ്കങ്ങള്‍ തന്നെ പരിശോധിക്കാം. കിലോക്കണക്കിനു സ്വര്‍ണ്ണമാണ്‌ പാര്‍ടിയുടെ ഈ അഭിനവ "മാനേജര്‍"മാരുടെ മക്കളുടെ വിവാഹത്തിനു നല്‍കുന്നതും വാങ്ങുന്നതും. റജിസ്റ്റര്‍ കച്ചേരിയിലോ പാര്‍ട്ടി ഓഫീസിലോ പൊതുവേദിയിലോ വച്ച്‌ ചുവന്ന മാലയണിഞ്ഞ്‌ ലളിതമായി നിര്‍വഹിച്ചിരുന്ന പാര്‍ടിപ്രവര്‍ത്തകരുടെയും മക്കളുടേയും വിവാഹങ്ങള്‍ ഇന്ന്‌ ആര്‍ഭാടത്തിണ്റ്റെ അവസാനവക്കായി വലിയ ഹാളുകളിലേക്കോ സ്റ്റാര്‍ ഹോട്ടലുകളിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു. വങ്കിട ബൂര്‍ഷ്വാ മുതലാളിമാര്‍ അബ്കാരികള്‍ എന്നിവരുടെ മക്കളുടെ വിവാഹത്തോടുകിടപിടിക്കുന്ന ഇത്തരംവിവാഹങ്ങളില്‍ എത്ര സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം ലഭിക്കുന്നു? ഈ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെ എന്നുകൂടെ ചേര്‍ത്തുവയിച്ചാലെ ചിത്രം പൂര്‍ണ്ണമാകൂ. മറ്റു തൊഴിലോ വരുമാനമോ ഇല്ലാതെ മുഴുവന്‍ സമയ പാര്‍ടിപ്രവര്‍ത്തനം നടത്തുന്ന പലരുടേയും മക്കളുടെ വിവാഹം ഇത്രമേല്‍ ആര്‍ഭാടമായി നടത്തുവാന്‍ എവിടെനിന്നും പണം വരുന്നു?

നേതാവല്ലല്ലോ മക്കളല്ലേ എന്ന്‌ ന്യായീകരിക്കുവാന്‍ വങ്കന്‍മാര്‍ മുതിര്‍ന്നേക്കാം.കൂലിക്കുഞ്ഞമ്മദുമാര്‍ ഒരു പക്ഷെ അതേകുറിച്ച്‌ എഴുതിയില്ലെന്നും വരാം അല്ലെങ്കില്‍ അതിനെ നട്ടുനടപ്പിണ്റ്റെ വിവാഹ സൌന്ദര്യം എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. നാട്ടില്‍ പെണ്‍മക്കളുടെ വിവാഹം നടത്തുവാന്‍ പണമില്ലാതെ നിരവധി പാര്‍ടിപ്രവര്‍ത്തകര്‍ നെട്ടോട്ടം ഓടുമ്പോള്‍ അവര്‍ക്കുമുമ്പില്‍ ഇതാണോ ഒരു കമ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാതൃക.അരവയര്‍ മുറുക്കിയുടുത്ത്‌ പാര്‍ടിക്കുവേണ്ടി ജാഥവിളിച്ചും പിരിവുനല്‍കിയും തല്ലുകൊണ്ടും ജീവിതം പാഴാക്കുന്നവരോടുള്ള വെല്ലുവിളിയല്ലെ ഇത്‌.. അവരെ അവഹേളിക്കുന്നത്‌ ഒരു പാര്‍ടിനേതാവിനു ചേര്‍ന്നതാണോ?

മറ്റൊന്ന്‌ ഇവര്‍ നാഴികക്ക്‌ നാല്‍പതുവട്ടംവിളിച്ചുകൂവുന്ന മതേതര-പുരോഗമന സൂക്തങ്ങളാണ്‌. പഴയ തലമുറയിലെ നേതാക്കന്‍മാരെ ഒഴിവാക്കിയാല്‍ പുതുതലമുറയില്‍ എത്ര നേതാക്കന്‍മാര്‍ മതത്തിനതീതമയി അന്യജാതിയില്‍ നിന്നോ പോട്ടെ ഹിന്ദുക്കളില്‍ തന്നെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താഴ്ന്ന ജാതിയില്‍ നിന്നോ വിവാഹം കഴിച്ച്‌ മാതൃക കാണിക്കുന്നുണ്ട്‌? സ്വന്തം ജീവിതത്തില്‍ മാതൃക കാണിക്കാന്‍ കഴിയാത്തവര്‍ എങ്ങിനെ കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ പറയും അവരെ എങ്ങിനെ കമ്യൂണീസ്റ്റുകാരന്‍ എന്ന്‌ പറയു? അപ്പോള്‍ കേരളത്തിലെ കമ്യൂണിസവും മാര്‍ക്കിസവും കേവലം അധികാരത്തിനും സ്വത്ത്‌ സമ്പാദിക്കുന്നതിനും വേണ്ടി മാത്രമാണോ എന്ന്‌ വായനക്കാര്‍ ചോദിച്ചേക്കാം യാദാര്‍ഥ്യങ്ങള്‍ വിശകലനം ചെയ്ത സ്വയം തീരുമാനിക്കുക സുഹൃത്തുക്കളേ...